“കുട്ടിക്കൊരു വീട് ” 12ന് പി. മോഹനൻ മാസ്റ്റർ കുടുംബത്തിന് കൈമാറും
കെ.എസ്.ടി.എ കൊയിലാണ്ടി സബ്ബ് ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന ”കുട്ടിക്കൊരു വീട് ” 12ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ കുടുംബത്തിന് കൈമാറും. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാനത്തെ 166 സബ്ജില്ലകളിലും പഠനസൗകര്യം ഇല്ലാത്ത പാവപ്പെട്ട വിദ്യാർഥികൾക്ക് വീട് വച്ചുകൊടുക്കാൻ എടുത്ത തീരുമാനത്തെ തുടർന്നാണ് കൊയിലാണ്ടി സബ് ജില്ലയിൽ ചേമഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിലശ്ശേരിയിലുള്ള വിദ്യാർത്ഥിക്ക് വീട് വെച്ച് കൊടുക്കാൻ തീരുമാനിച്ചത്.

2022 മെയ് 18ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജാണ് വീടിൻ്റെ ശിലാസ്ഥാപനം നടത്തിയത്. തുടർന്ന് 5 മാസം കൊണ്ട് തന്നെ പണി പൂർത്തിയാക്കിയത് അഭിമാന നേട്ടമായിരിക്കുകയാണ്. കൊയിലാണ്ടി സബ് ജില്ലയിലെ അധ്യാപകരും, റിട്ടയേർഡ് അധ്യാപകരും തോളോട്തോൾ ചേർന്ന് പണം സ്വരൂപിച്ചാണ് ഈ വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ഭവന നിർമ്മാണത്തിനായി ഡികെ ബിജു ജനറൽ കൺവീനറും, കെ രവീന്ദ്രൻ മാസ്റ്റർ ചെയർമാനായും രൂപീകരിച്ച കമ്മിറ്റിയുടെ ഊർജ്ജിത ശ്രമമാണ് ഇത്ര വെട്ടന്ന് തന്നെ ഭവനമെന്ന സ്വനപ്നം യാഥാർത്ഥ്യമാക്കാൻ സാധിച്ചത്. ഡിസംബർ 12ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഡി.കെ. ബിജു പറഞ്ഞു.

