KOYILANDY DIARY

The Perfect News Portal

തൃശൂരിലെ ഗടികള്‍ ബോറടിക്കുമ്പോള്‍ പോകാറുള്ള വിലങ്ങന്‍ കുന്ന്

തൃശൂര്‍ നഗര നിവാസികള്‍ വൈകുന്നേരങ്ങളിലും ആഴ്ച അവസാനങ്ങളിലും ബോറടി മാറ്റാനും ശുദ്ധ‌വായു ശ്വസിക്കാനും പോകാറുള്ള, പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട ഒരു സ്ഥലമാണ് വിലങ്ങന്‍ കുന്ന്.

തൃശൂര്‍ നഗരം നോക്കികാണാനുള്ള ബാല്‍ക്കണിയെ‌ന്ന് വിശേഷിപ്പിക്കാറുള്ള വിലങ്ങന്‍ കുന്നിലേക്ക് നഗരത്തില്‍ നിന്ന് ഏകദേശം ഏഴ് കിലോമീറ്റര്‍ ദൂരമുണ്ട്. തൃശൂരില്‍ നിന്ന് കുന്നംകുളം റോഡിലൂടെ കുറച്ച് മുന്നോട്ട് വരുമ്പോള്‍ തന്നെ വിലങ്ങന്‍ കുന്നിലേക്കുള്ള കവാടം കാണാം.

Vilangan Kunnu In Thrissur

നഗരത്തിലുള്ളവര്‍ ആഴ്ച അവസാനങ്ങളില്‍ കുട്ടികളുമൊപ്പം സമയം ചിലവിടാന്‍ ഇവിടെ എത്തിച്ചേരാറുണ്ട്. കുട്ടികള്‍ക്ക് കളിക്കാനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് ഇവിടെയു‌ണ്ട്.

Advertisements

തൃശൂര്‍ നഗരത്തിന്റെ ഓക്സിജന്‍ ജാര്‍

നഗരത്തില്‍ നിന്ന് അധികം ദൂര‌ത്ത‌ല്ലാതെ കിടക്കുന്ന ഈ സ്ഥലം ‌തൃശൂരിന്റെ ഓക്സിജന്‍ ജാര്‍ എന്ന് അറിയപ്പെടാറുണ്ട്. സുന്ദരമായ ഈ മൊട്ടക്കുന്നി‌ന്റെ സൗന്ദര്യം പകര്‍ത്താന്‍ നിരവധി ഫോട്ടോഗ്രാഫര്‍മാരും ഇവിടേയ്ക്ക് വരാറുണ്ട്. തൃശൂരിലെ അടാട്ട് പഞ്ചായത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Vilangan Kunnu In Thrissur

 

തൃശൂരിന്റെ ബാല്‍ക്കണി

തൃശൂര്‍ നഗരത്തിന്റേയും ചുറ്റുമുള്ള കോള്‍പ്പാടങ്ങളുടേയും കാഴ്ച ഇവിടെ നിന്ന് കാണാവുന്നതാണ്. തൃശൂര്‍ നഗ‌രം മുഴുവനായി കാണാന്‍ പറ്റുന്ന സ്ഥലമായതിനാല്‍ തൃശൂരിന്റെ ബാല്‍ക്കണിയെന്നും ഈ സ്ഥലത്തെ വിശേഷിപ്പിക്കാറുണ്ട്.

ചരിത്രം

രണ്ടാം ലോക മഹായുദ്ധകാലത്ത് മിലിട്ടറി ആവശ്യത്തിനായി ഉപയോഗിക്കപ്പെട്ട സ്ഥലമാണ് ഇത്. സമുദ്ര‌നി‌രപ്പില്‍ നിന്ന് 80 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാല്‍ മിലിട്ടറിയുടെ നിരീക്ഷണ കേന്ദ്രമായും ഈ സ്ഥലം ഉപയോഗിച്ചിരുന്നു.

Vilangan Kunnu In Thrissur

 

അശോകവ‌നം

അശോകവനം എന്ന പേരില്‍ ഒരു ഔഷധ സസ്യത്തോട്ടം ഈ കുന്നില്‍ ഉണ്ട്. വിലങ്ങന്‍ ട്രെക്കേഴ്സിന്റെ നേതൃത്വത്തില്‍ ആണ് ഈ ‌തോട്ടം പരിപാലിക്കപ്പെടുന്നത്. അശോകവനം സമിതി, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്, ഔഷധി എന്നിവയുടെ പിന്തുണയോടെയാണ് ഈ തോട്ടത്തിന്റെ ‌പ‌രിപാലനം നട‌ന്നു വരുന്നത്.

വിശപ്പ് മാറ്റാന്‍

ഇവിടെയെത്തുന്ന സഞ്ചാരികളുടെ വിശപ്പും ക്ഷീണവും മാറ്റാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരു കാന്റീനും പ്രവര്‍ത്തിക്കുന്നുണ്ട്.

Vilangan Kunnu In Thrissur

എത്തിച്ചേരാന്‍

തൃശൂരിലെ അമല ആശുപത്രിക്ക് സമീപത്ത് നിന്നാണ് വിലങ്ങന്‍ കുന്നിലേക്കുള്ള റോഡ് ആരംഭി‌ക്കുന്നത്. തൃശൂര്‍ നഗരത്തില്‍ നിന്ന് ഡ്രൈവ് ചെയ്ത് ഏകദേശം 15 മിനിറ്റിനുള്ളില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് വിലങ്ങന്‍ കുന്ന്.

Vilangan Kunnu In Thrissur

 

പ്രവേശന സമയം/നിരക്ക്

രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5 മണിവരെയാണ് ഇവിടേയ്ക്കുള്ള പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയുമാണ് ഇവിടുത്തെ പ്രവേശന ഫീസ്.