KOYILANDY DIARY

The Perfect News Portal

ദേവഭൂമി അഥവാ പുണ്യഭൂമിയായ ഋഷികേശ്‌

പുണ്യഭൂമിയായ ഋഷികേശിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഋഷികേശ്. ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക് വര്‍ഷംതോറും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയും ആളുകളാണ് എത്തിച്ചേരുന്നത്. ഗംഗയുടെ കരയില്‍ ഹിമവാന്റെ മടിത്തട്ടിലെ ഋഷികേശ് ഹിന്ദു പുരാണത്തിലെ നിരവധി ദേവകളുടെ വാസസ്ഥലം കൂടിയാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.

ലക്ഷ്മണ്‍ ജൂല, ഋഷികേശ്

ആശ്രമങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് ഋഷികേശ്. എണ്ണമറ്റ യോഗ കേന്ദ്രങ്ങളും ആശ്രമങ്ങളും ഇവിടെ കാണാന്‍ സാധിക്കും. ഹിന്ദു പുരാണമനുസരിച്ച് രാവണനിഗ്രഹത്തിനുശേഷം സാക്ഷാല്‍ ശ്രീരാമന്‍ ഇവിടെയെത്തി ധ്യാനിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമസോദരനായ ലക്ഷ്മണന്‍ ഇവിടെ വച്ച് ഗംഗാനദിക്ക് കറുകെ കടന്നതായും പറയപ്പെടുന്നു. ലക്ഷ്മണ്‍ ജുല എന്ന പേരില്‍ ഒരു പാലവും ഇവിടെയുണ്ട്. 1889 ല്‍ നിര്‍മിക്കപ്പെട്ട ഈ പാലം പിന്നീട് 1924 ല്‍ പുനര്‍നിര്‍മിച്ചു.

ഋഷികേശിലെ കാഴ്ചകള്‍

സതീദേവിയെ ആരാധിക്കുന്ന കുഞ്ചപുരി ക്ഷേത്രം ഈ പ്രദേശത്തെ പ്രധാനപ്പെട്ട പതിമൂന്ന് ആരാധനായലങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. ഭര്‍ത്താവായ ശിവന്‍ കൈലാസത്തിലേക്ക് എടുത്തുകൊണ്ടുപോകുന്നതിനിടെ സതീദേവിയുടെ ശരീരഭാഗം ഇവിടെ പതിച്ചതായി പറയപ്പെടുന്നു. സതീദേവിയുടെ കബന്ധം നിലത്തുവീണ സ്ഥലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. പങ്കജ, മധുമതി എന്നീ നദികള്‍ സമ്മേളിക്കുന്ന സ്ഥലത്തുള്ള നീലകണ്ഠ മഹാദേവ ക്ഷേത്രമാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള മറ്റൊരിടം. വിഷ്ണുകൂടം, മണികൂടം, ബ്രഹ്മകൂടം എന്നീ മലകളാല്‍ ചുറ്റപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം. ശിവരാത്രിക്കാലത്താണ് ഇവിടെ ധാരാളം ഭക്തര്‍ എത്തിച്ചേരുന്നത്.

Advertisements

ത്രിവേണിഘടിന് സമീപത്തുള്ള റിഷികുണ്ഡാണ് ഇവിടെ കാണാതെ പോകരുതാത്ത മറ്റൊരു സ്ഥലം. യമുനാനദിയിലെ പുണ്യജലം നിറഞ്ഞ ഒരു കുളമാണിത്. റിഷികേശിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠഗുഫ. ഇതിന് സമീപത്തായാണ് പ്രമുഖ ധ്യാന കേന്ദ്രമായ സ്വാമി പുരുഷോത്തമാനന്ദ ജിയുടെ ആശ്രമം. ശ്രീ ബാബ വിശുദ്ധ നന്ദാജി സ്ഥാപിച്ച കാളി കുമ്പിവാലെ പഞ്ചായതി ക്ഷേത്രം ഇവിടത്തെ കണ്ടിരിക്കേണ്ട കാഴ്ചകകളിലൊന്നാണ്. നിരവധി കേന്ദ്രങ്ങളുള്ള ഈ ആശമത്തില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്.

rishikesh 6

മറ്റൊരു പ്രധാന ആകര്‍ഷണമായ ശിവാനന്ദ ആശ്രമം സ്ഥാപിച്ചത് സ്വാമി ശിവാനന്ദയാണ്. 1967 ല്‍ സ്ഥാപിക്കപ്പെട്ട ഓംകാരേശ്വര ക്ഷേത്രമാണ് ഋഷികേശിലെ മറ്റൊരു കാഴ്ച. സ്വാമി ഓംകാരാനന്ദയുടെ നേതൃത്വത്തിലുള്ള ഈ ആശ്രമത്തിന്റെ നടത്തിപ്പ് ഒരുകൂട്ടം ഹിന്ദുസന്യാസിമാരാണ് നിര്‍വഹിക്കുന്നത്. ഋഷികേശിന് 16 കിലോമീറ്റര്‍ ദൂരത്തുള്ള ശിവപുരിയാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച. ഗംഗാനദിയിുടെ തീരത്തുള്ള ശിവപുരി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പേരുസൂചിപ്പിക്കുന്നത് പോലെ ശിവനാണ്. റിവര്‍ റാഫ്റ്റിംഗിന് ഇവിടെ സൗകര്യമുണ്ട്. നീലകണ്ഠമഹാദേവ ക്ഷേത്രം, ഗീതാഭവന്‍, ത്രിവേണി ഘട്ട്, സ്വര്‍ഗ ആശ്രമം തുടങ്ങിയവയും ഋഷികേശിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍പ്പെടുന്നു.

തീര്‍ത്ഥാടകര്‍ക്കുമാത്രമല്ല, സാഹസികരായ യാത്രക്കാര്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് ഋഷികേശില്‍. മലനിരകള്‍ക്കിടയിലെ ഈ നഗരത്തില്‍ ട്രക്കിംഗിനും മലകയറ്റത്തിനുമായി നിരവധി യാത്രികര്‍ എത്തിച്ചേരുന്നു. ഗര്‍ഹാള്‍ ഹിമാലയന്‍ റേഞ്ച്, ഭുവാനി നീര്‍ഗുഡ്, രൂപ്കുണ്ഡ്, കാവേരി പാസ്, കാളിന്ദി ഖാല്‍ ട്രക്ക്, കാങ്കുല്‍ ഖാല്‍ ട്രക്ക്, ദേവി നാഷണല്‍ പാര്‍ക്ക് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങള്‍. ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അഭികാമ്യം. റിവര്‍ റാഫ്റ്റിംഗ് ആണ് ഋഷികേശിലെ മറ്റൊരു ജനപ്രിയ വിനോദം. പ്രഫഷണല്‍ ഗൈഡുമാരുടെ സഹായത്തോടെയുള്ള റിവര്‍ റാഫ്റ്റിംഗ് ഇവിടേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

temples-at-rishikeshഋഷികേശിലെത്താന്‍

ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളമാണ് ഋഷികേശിന് തൊട്ടടുത്ത എയര്‍പോര്‍ട്ട്. 18 കിലോമീറ്റര്‍ ദൂരത്താണിത്. ഋഷികേശ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഡല്‍ഹി,  മുംബൈ, കോട്വാര്‍, ഡെറാഡൂണ്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിന്‍ സര്‍വ്വീസുണ്ട്. റോഡ് മാര്‍ഗവും ഋഷികേശിലെത്തുക പ്രയാസമുള്ള കാര്യമല്ല. വര്‍ഷത്തില്‍ എല്ലാക്കാലത്തും പൊതുവെ സഞ്ചാരയോഗ്യമായ കാലാവസ്ഥയാണ് ഋഷികേശില്‍. ചൂട് കൂടുലാകുന്ന മെയ് മാസത്തില്‍ മാത്രം ഋഷികേശിലേക്കുള്ള യാത്ര അത്ര അഭികാമ്യമല്ല.