KOYILANDY DIARY.COM

The Perfect News Portal

ഓണാഘോഷത്തിന്‌ കോഴിക്കോടും ഒരുങ്ങുന്നു

കോഴിക്കോട്: തലസ്ഥാന നഗരത്തിന് സമാനമായി സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന്‌ കോഴിക്കോടും ഒരുങ്ങുന്നു. സെപ്തംബർ രണ്ട്‌ മുതൽ 11 വരെ വേറിട്ട പരിപാടികളാൽ നഗരം ആഘോഷങ്ങളിൽ മുഴുകും. രണ്ടിന്‌ നഗരം ദീപങ്ങളാൽ അലങ്കരിക്കുന്നതോടെ ജില്ല ഓണാഘോഷങ്ങളിലേക്ക് പ്രവേശിക്കും. പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള സംഗീതനിശ, കോമഡി ഷോ, സിനിമാതാരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടികൾ, സ്കിറ്റ്, നാടകങ്ങൾ, സാഹിത്യോത്സവം, പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നാടൻകലകൾ എന്നിവയെല്ലാം ആഘോഷത്തിന്‌ മിഴിവേകും. കൂട്ടയോട്ടം, കളരിപ്പയറ്റ്, കരാട്ടെ, അമ്പെയ്‌ത്ത്‌, കമ്പവലി തുടങ്ങിയ കായിക പരിപാടികളുമുണ്ടാകും.

ഇതിന്‌ ദിവസങ്ങൾക്കുമുമ്പ് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് പിന്നിലെ വേദിയിൽ കലാകാരന്മാരുടെ കൂട്ടായ്മകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചുതുടങ്ങും. ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ. കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ അവലോകന യോഗം ചേർന്നു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്,‌ സബ് കലക്ടർ വി ചെൽസാസിനി, ടൂറിസം ജോ. ഡയറക്ടർ ടി സി അഭിലാഷ് എന്നിവർ പങ്കെടുത്തു.


Share news

Leave a Reply

Your email address will not be published. Required fields are marked *