ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയവർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം : ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയവർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.13 പുരസ്‍കാരങ്ങളാണ് ഇത്തവണ കേരളീയരെ തേടിയെത്തിയത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം മരണാനന്തര ബഹുമതിയായിട്ടാണ് സച്ചിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര രംഗത്തിന് എത്രത്തോളം വലിയ നഷ്‌ടമാണെന്ന് തെളിയിക്കുന്നതാണ് ഈ അംഗീകാരം.

ദേശീയ തലത്തിൽ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാർഹമായ കാര്യമാണ്. എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ. മലയാള സിനിമക്ക് തുടർന്നും ഇത്തരം നേട്ടങ്ങൾ കൈവരിക്കാനാകട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


