KOYILANDY DIARY.COM

The Perfect News Portal

നാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ കൂട്ടിലാക്കി

വാകേരി: വാകേരിയെ ഭീതിയുടെ മുൾമുനയിലാക്കിയ കടുവ കൂട്ടിലായി. കക്കാടംകുന്ന്‌ ഏദൻവാലി എസ്‌റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്‌ കടുവ കുരുങ്ങിയത്‌. പതിനാല് വയസ്സ്‌ തോനിക്കുന്ന പെൺകടുവയാണ് ബുധനാഴ്ച പകൽ 11 മണിയോടെ കൂട്ടിൽ കുടുങ്ങിയത്. തിങ്കൾ രാത്രിയാണ്‌ ഏദൻവാലി എസ്‌റ്റേറ്റ്‌ ഉടമയുടെ വീടിനുസമീപം കൂട്‌ സ്ഥാപിച്ചത്‌. കടുവ കൂട്ടിലാകുമ്പോൾ പ്രദേശത്ത്‌ വനപാലകരും തൊഴിലാളികളുമുണ്ടായിരുന്നു. പിന്നീട്‌ കൂടോടെ ട്രാക്ടറിൽ കയറ്റി വടക്കനാട്‌ പച്ചാടിയിലെ വന്യമൃഗ പരിചരണ സംരക്ഷണകേന്ദ്രത്തിലെത്തിച്ചു. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ പ്രാഥമിക പരിശോധന നടത്തി. ദേഹത്ത്‌ പ്രത്യക്ഷത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. വായിലെ പല്ലുകൾ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. 

24 മണിക്കൂർ നിരീക്ഷണത്തിൽ വച്ചശേഷം കടുവാ സംരക്ഷണ അതോറിറ്റിയുടെ നിർദേശപ്രകാരം കടുവയെ തുറന്നുവിടണോ, അതോ കൂടുതൽ ദിവസം സംരക്ഷിക്കണമോയെന്നതിൽ തീരുമാനമെടുക്കും. വയനാട്‌ വൈൽഡ്‌ ലൈഫ്‌ വാർഡൻ എസ്‌ നരേന്ദ്രബാബു, സൗത്ത്‌ വയനാട്‌ ഡിഎഫ്ഒ ഷജ്‌ന കരീം,  ചെതലയം റേഞ്ച്‌ ഓഫീസർ കെ പി അബ്‌ദുൾ സമദ്‌ എന്നിവർ വന്യമൃഗ പരിചരണ സംരക്ഷണകേന്ദ്രത്തിലെത്തി നിർദേശങ്ങൾ നൽകി. വാകേരി,  മൂടക്കൊല്ലി, കൂടല്ലൂർ ഭാഗത്ത് പലതവണ ആളുകൾ കടുവയെ നേരിട്ടുകണ്ടിരുന്നു. വളർത്തുനായയെ കടുവ പിടികൂടുന്നത്‌ സിസിടിവിയിൽ പതിയുകയുംചെയ്‌തു.

ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നവരുടെ മുമ്പിലും കടുവ ചാടി.  ഇതോടെ ഭീതി ഏറി. കടുവയെ കൂടുവച്ച്‌ പിടിക്കണമെന്നാവശ്യപ്പെട്ട്‌ എദൻവാലി എസ്‌റ്റേറ്റ്‌ തൊഴിലാളികൾ തിങ്കളാഴ്‌ച പണിമുടക്കി പ്രതിഷേധിച്ചു. എസ്റ്റേറ്റിൽ കടുവയെ പേടിച്ച്  പണിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ പണിമുടക്കിയത്‌. തുടർന്ന്‌  സിപിഐ എം നേതാക്കൾ വനപാലകരുമായി നടത്തിയ ചർച്ചയിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്നും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാമെന്നും ഉറപ്പുനൽകിയിരുന്നു. തുടർന്നാണ്‌ കൂട്‌ സ്ഥാപിച്ചത്‌.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *