കിണറ്റില്‍ വീണ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

കോഴിക്കോട്: കിണറ്റില്‍ വീണ ഫോണെടുക്കാന്‍ ഇറങ്ങി കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൂട്ടാലിട പഴയ ബസ്റ്റാന്റിന് സമീപത്തെ പൊതു കിണറ്റില്‍ കുടങ്ങിയ ഗിരീഷിനെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. കൂട്ടാലിട പഴയ ബസ്റ്റാന്റിന് സമീപത്തെ പൊതുകിണറില് നിന്നും വെള്ളമെടുക്കുന്നതിനിടെയാണ് ഗിരീഷിന്റെ ഫോണും പേഴ്സും കിണറ്റില്‍ വീണത്. മൊബൈലും പഴ്സും തിരിച്ചെടുക്കാനായി അദ്ദേഹം കിണറ്റിലിറങ്ങി.

ഏകദേശം 50 അടിയില്‍ അധികം താഴ്ചയും പകുതിയോളം വെള്ളവുമുള്ള കിണറില്‍ നിന്ന് ഗിരീഷിന് തിരിച്ചു കയറാനായില്ല. കിണറില്‍ നിന്ന് ശബ്ദം കേട്ട നാട്ടുകാരാണ് ഒരാള്‍ കിണറ്റില്‍ അകപ്പെട്ട വിവരം പേരാമ്പ്ര ഫയര്‍ഫോഴ്സില്‍ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന റെസ്ക്യൂ നെറ്റ് താഴ്ത്തി ഗിരീഷിനെ രക്ഷപ്പെടുത്തുകയായിരുന്നു.


