ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം ഒഴിവായി

ഉള്ളിയേരി : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം ഒഴിവായി. ഉള്ളിയേരി മുണ്ടോത്ത് ഇയ്യൊത്ത് മീത്തൽ സിറാജ് (39) എന്നയാളുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ആണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പൊട്ടിതെറിച്ചത്. ഗൃഹനാഥനും ഭാര്യയും മൂന്നു മക്കളും അടങ്ങിയ കുടുംബം താമസിക്കുന്ന ഷെഡ്ഡിലാണ് അപകടം ഉണ്ടായത്. ആർക്കും പരിക്ക്പറ്റിയിട്ടില്ല. വീടില്ലാത്തതിനാൽ ഇവിടെയാണു ഇവർ താമസിക്കുന്നത്. അടുപ്പിനോട് ചേർന്നായിരുന്നു ഗ്യാസ് സൂക്ഷിച്ചിരുന്നത്.

ഷെഡ്ഡിലെ വാതിലും തൂണുകളും ഭക്ഷണ പാത്രങ്ങൾ എന്നിവ പൊട്ടിത്തെറിയിൽ തകർന്നു. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ & റെസ്ക്യൂ ഓഫീസർ സിജിത് സി, റഷീദ് കെ പി, ഹോം ഗാർഡ് സുജിത്ത് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി ഒമ്പതുമണിയോടെ കത്തിച്ച അടുപ്പിൽനിന്നുണ്ടായ തീപടർന്ന് സിലിണ്ടറിന് ചൂടുകൂടി പൊട്ടിയതാകാം കാരണം എന്ന് അനുമാനിക്കുന്നു.


