ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ ശക്തികൾക്ക് മൗനികളായിരിക്കാൻ കഴിയില്ല മന്ത്രി എ.കെ. ശശീന്ദ്രൻ

കൊയിലാണ്ടി. സമകാലീന ഭാരതം അപമാന ഭാരത്താൽ തലകുനിക്കേണ്ട അവസ്ഥ ഭരണകൂടം സൃഷ്ടിക്കുമ്പോൾ മൗനികളായിരിക്കാൻ ജനാധിപത്യ കക്ഷികൾക്കാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇത്തരം വർഗീയ ധ്രുവീകരണത്തിന്റെ വക്താക്കളെ ചെറുത്തു തോല്പിക്കാൻ ഇന്ത്യയിലെ ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ.സി.പി നേതാവായിരുന്ന എം.കെ. കൂഞ്ഞബ്ദുള്ളയുടെ 5-ാം ചരമവാർഷിക ദിനത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിന്റെയും പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടിക്കുള്ള ഉപഹാര സമർപ്പണത്തിന്റെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വന്മുഖം ഹൈസ്കൂളിലെ എൽ എസ് എസ്, യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. എ.സി. ഷൺമുഖദാസ് പഠന കേന്ദ്രം പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അനുസ്മരണ ഭാഷണം നടത്തി. ചന്ദ്രശേഖരൻ തിക്കോടി, കെ.ടി.എം കോയ , എം.കെ മോഹനൻ (മെമ്പർ ഗ്രാമപഞ്ചായത്ത്), പി. ചാത്തപ്പൻ, കെ.കെ. ശ്രീഷു, സി. സത്യചന്ദ്രൻ, ഇ എസ് രാജൻ, ഒ. രാഘവൻ, എം. എ. ഗംഗാധരൻ , പി.എം.ബി. നടേരി എന്നിവർ സംസാരിച്ചു.


