കരണ്ട് ബില്ലടച്ചിട്ട് 2 ദിവസം പിന്നിട്ടിട്ടും സപ്ലൈ കൊടുക്കാതെ KSEB ബുദ്ധിമുട്ടിച്ചതായി പരാതി

കൊയിലാണ്ടി: കരണ്ട് ബില്ലടച്ചിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും സപ്ലൈ കൊടുക്കാതെ KSEB ഉപഭോക്താവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കൊയിലാണ്ടി മണമൽ സ്വദേശിയായ മണി എന്നയാളാണ് KSEB ക്കെതിരെ പരാതി കൊടുത്തത്. കഴിഞ്ഞ ദിവസം ആറാം തിയ്യതിയാണ് ബിൽ അടയ്ക്കാൻ താമസിച്ചതിന്റെ പേരിൽ ജീവനക്കാരൻ വീട്ടിലെത്തി ഫ്യൂസ് ഊരിക്കൊണ്ടുപോയത്. ഉടൻതന്നെ വീട്ടുടമ ഓൺലൈൻവഴി പണം അടച്ചതിന് ശേഷം കെ.എസ്.ഇ.ബി. അധികൃതരെ വിവരം അറിയിച്ചെങ്കിലും വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ തയ്യാറായില്ലെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്നാണ് ഉപഭോക്താവ് പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോയത്. വീണ്ടും കെ.എസ്.ഇ.ബി. ഓഫീസിൽ പോയി കാര്യങ്ങൾ നേരിട്ട് അന്വേഷിച്ചപ്പോൾ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതായിട്ടാണ് രേഖയിൽ കാണുന്നതെന്നും പരാതി ഉണ്ടെങ്കിൽ വീട്ടിലെത്തി പരിശേധിക്കാം എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രണ്ട് ജീവനക്കാർ വീട്ടിലെത്തി പരിശോധന നടത്തുകയും ഫ്യൂസ് ഇട്ടിട്ടില്ലെന്ന് മനസിലാക്കുകയും ചെയ്തു. എന്നാൽ തിരിച്ച് പോയ ഉദ്യോഗസ്ഥർ എട്ടാം തിയ്യതി വൈകീട്ടാണ് ഫ്യൂസ് ഇടാന്‍ തയ്യാറായത്. ഫ്യൂസ് ഊരിയെടുത്ത മുകുന്ദൻ എന്ന ജീവനക്കാരന്റെ കൈയിൽ നിന്ന് ഫ്യൂസ് നഷ്ട്ടപ്പെട്ടതാണ് കാരണമെന്ന് ചില ജീവനക്കാർ പറയുന്നു. സംഭവത്തിൽ സമീപവാസികൾ കെ.എസ്.ഇ.ബി.ക്കെതിരെ പ്രതിഷേധവുമായി രംഗത്തത്തിയിട്ടുണ്ട്.


