ജയിലുകളിലെ വരുമാനം ജയില്‍വികസനത്തിനുപയോഗിക്കും: ഋഷിരാജ് സിങ്

കൊയിലാണ്ടി: ജയിലുകളിലെ വരുമാനം ജയില്‍വികസനത്തിനുപയോഗിക്കാനുള്ള സാങ്കേതിക തടസ്സങ്ങളൊഴിവാക്കാന്‍ ട്രസ്റ്റ് രൂപീകരിക്കുമെന്ന് സംസ്ഥാന ജയില്‍മേധാവി ഋഷിരാജ് സിങ് പറഞ്ഞു. കൊയിലാണ്ടി സബ്ബ്ജയില്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ജയിലില്‍നിന്നുള്ള വരുമാനം ട്രഷറിയിലടച്ച് പിന്നീട് ജയില്‍ ആവശ്യത്തിന് പണം ലഭിക്കാന്‍ സര്‍ക്കാറില്‍ എഴുത്തുകുത്തുകള്‍ നടത്തി അനുവദിച്ചുകിട്ടുമ്പോഴേക്കും കാലതാമസംവരും. ജയില്‍ വികസനത്തിന് തടസ്സം നില്‍ക്കുന്നത് ഭൗതികസാഹചര്യങ്ങളും ജീവനക്കാരുടെ കുറവുമാണ്. ആറുതടവുകാര്‍ക്ക് ഒരുസെല്ലെന്നതാണ് നിയമം.
എന്നാല്‍ സംസ്ഥാനത്ത് പന്ത്രണ്ടോളംപേരാണ് ഇപ്പോള്‍ ഒരുസെല്ലില്‍ കഴിയുന്നത്. ജയില്‍ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രശ്‌നമാണ്. മലപ്പുറം ജില്ലയിലാണ് ജയില്‍ സംവിധാനം ഏറെകുറവുള്ളത്. തവനൂര്‍ പ്രത്യേക ജയിലിന്റെ പണി പൂര്‍ത്തിയാവുന്നതോടെ ഇക്കാര്യം പരിഹരിക്കപ്പെടും. ജയില്‍വാസികളുടെ തൊഴില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ജയില്‍വകുപ്പ് ആസൂത്രണംചെയ്യും. സംസ്ഥാനത്തെ അന്‍പത്തിയേഴ് ജയിലുകളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് സിങ് കൊയിലാണ്ടിയിലെത്തിയത്. സബ്ജയിലിലെ കുടിവെള്ള ശുചീകരണ സംവിധാനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.

