KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു ക്ഷേത്രത്തിലെ വിഷുദിന കാഴ്ചയായ പണ്ടാട്ടി വരവിന് നാടൊരുങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി തുടർന്ന് വരുന്ന വിഷുദിന കാഴ്ചയായ “പണ്ടാട്ടി വരവ് “ആഘോഷത്തിന് ഇത്തവണ ചൂടും ചൂരുമേറും. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് വർഷമായി മുടങ്ങിയ പണ്ടാട്ടി ആഘോഷത്തിന് പൂർവ്വാധികം മാറ്റേകാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.  ഉത്തരകേരളത്തിലെ പത്മശാലിയ സമുദായത്തിൽ പൗരാണിക കാലം മുതൽ ആചരിച്ചു വരുന്ന വിഷുദിനാഘോഷം കൂടിയാണിത്. പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് “ചപ്പ കെട്ട് “, “ചോയി കെട്ട് “, ”യോഗി പുറപ്പാട് “എന്നിങ്ങനെയും ഈ ആഘോഷം അറിയപ്പെടുന്നുണ്ട്.

പണ്ടാട്ടി വേഷത്തിന് പ്രത്യേകതയുണ്ട് വാഴയുടെ തണ്ടോട് കൂടിയ ഉണങ്ങിയ ഇലകളാണ് ഉപയോഗിക്കുക.ശരീരത്തിൽ ഇവ അടുക്കി വെച്ച് കെട്ടും.ശിരസ്സിൽ വാഴ ഇല കൊണ്ട് കിരീടം ചൂടും. ഉണങ്ങിയ ചകിരിത്തുമ്പ് കൊണ്ട് മേൽ മീശ വെച്ച് ഗാംഭീര്യം വരുത്തും. വെള്ളരിക്ക വട്ടത്തിൽ മുറിച്ച് കാതുകളിൽ അണിയും. പണ്ടാട്ടി ആഘോഷം ശിവ-പാർവ്വതി സംഗമത്തിന്റെ ദിവ്യമുഹൂർത്തത്തെയാണ് വിളിച്ചോതുന്നത്. വിഷുദിനത്തിൽ ഇവിടുത്തെ വീടുകളിൽ ക്ഷേമാന്വേഷണത്തിനായി ശിവപാർവ്വതിമാർ വേഷപ്രഛന്നരായി  എത്തു ന്നു എന്നാണ് വിശ്വാസം. പരമശിവൻ, പാർവ്വതി, സഹായി, എന്നിങ്ങനെ മൂന്ന് പേരാണ് വേഷമിടുക.

അനുചരന്മാർ കൂടെയുണ്ടാവും. വൈകൂന്നേരം  മൂന്ന് തവണ ക്ഷേത്ര പ്രദക്ഷിണം ചെയ്ത ശേഷമാണ് പണ്ടാട്ടിയും സംഘവും വീടുകയറൽ ആരംഭിക്കുക. ക്ഷേത്ര ഊരാളന്മാരുടേയും ഗുരു കാരണവന്മാരുടേയും വീടുകളിലാണ് ആദ്യ സന്ദർശനം. പണ്ടാട്ടി എത്തുന്നുന്നതിന് മുമ്പ് ഓരോ വീടും പരിസരവും ചാണകം തളിച്ച് ശുദ്ധി വരുത്തും. അകത്തളത്തിൽ പുൽപ്പായ വിരിച്ച് നിലവിളക്ക് തെളിയിക്കും. നിറനാഴി, നാളികേരം, ധാന്യം, കണിവെള്ളരി, അപ്പം എന്നിവ കാണിക്കയായി ഒരുക്കി വെക്കും. പണ്ടാട്ടി അകത്ത് പ്രവേശിക്കുന്നതോടെ “ചക്ക കായ് കൊണ്ടുവാ” “മാങ്ങാ കായ് കൊണ്ടുവാ” എന്നിങ്ങനെ കൂടെയുള്ളവർ ആരവം മുഴക്കും.

Advertisements

കുട്ടികളും മുതിർന്നവരും പടക്കം പൊട്ടിച്ച് ഐശ്വര്യ ദേവന്മാരെ വരവേൽക്കും. മടക്കയാത്ര തുടങ്ങുന്നതോടെ വീടുകളിൽ കാണിയ്ക്ക വെച്ച ധാന്യവും നാളീകേരവും മറ്റും സംഘത്തിലെ സഹായി ഏറ്റുവാങ്ങും. ഗൃഹ സന്ദർശനത്തിന് ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഇവ ഭക്തർക്ക് വീതിച്ച് നൽകുകയാണ് പതിവ്. വിഷുദിനത്തിൽ പണ്ടാട്ടിയെ വരവേൽക്കാൻ നിരവധി ഭക്തരാണ് കൊരയങ്ങാട് തെരു ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാറുള്ളത്.

Share news

Leave a Reply

Your email address will not be published. Required fields are marked *