ഹോട്ടൽ വണ്ടിത്താവളത്തിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ ജനങ്ങ ളുടെ പ്രതിഷേധം. ഹോട്ടൽ അടപ്പിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അരങ്ങാടത്ത് വണ്ടിത്താവളത്തിൽ നിന്ന് മാലിന്യം ഒഴുക്കുന്നു. കിണറുകൾ മലിനമായി. ജനങ്ങളുടെ പ്രതിഷേധം. പോലീസെത്തി ഹോട്ടൽ അടപ്പിച്ചു. കൊയിലാണ്ടി നഗരസഭാ അതിർത്ഥി പ്രദേശമായ ദേശീയപാതയിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ അരങ്ങാടത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ (വണ്ടിത്താവളം) നിന്നാണ് മാലിന്യം ഒഴുക്കി വിടുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മാധ്യമ പ്രവർത്തകരും സ്ഥലത്തെത്തി. കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഹോട്ടലിന് ലൈസൻ ഇല്ല എന്നറിയുന്നത്. തൊട്ടു പിറകിലിള്ള മറ്റൊരു വാടക വീടിൻ്റെ പേരിലാണ് ലൈസൻസ് ഉള്ളതെന്ന് അറിയുന്നത്. ദേശീയപാതയുടെ സ്ഥലം കൈയ്യേറിയാണ് ഹോട്ടലിൻ്റെ മുൻവശം മനോഹരമാക്കിയത്. ഇതിന് യാതൊരു അനുമതിയും ഇല്ലെന്നാണ് അറിയുന്നത്.

ഹോട്ടലിന് പുറത്തുള്ള ടാങ്കുകളിൽ നിന്ന് മലിനജലം മോട്ടർ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കിവിടുകയാണ്. ഈ വെള്ളമാണ് തൊട്ടടുത്തുള്ള കിണറുകളിലേക്ക് ഒഴുകുന്നത്. കൂടാതെ കോഴി ഉൾപ്പെടെ മറ്റ് ഇറച്ചികളും മത്സ്യങ്ങളുടെ വേസ്റ്റും ഇവിടതന്നെയാണ് നിക്ഷേപിക്കുന്നത്. അതിന് മുകളിലൂടെയാണ് മലിന ജലം ഒഴുക്കിവിടുന്നതെന്ന് അധികൃതർക്ക് നേരിൽ ബോധ്യപ്പെട്ടിരിക്കുകയാണ്. കക്കൂസ് ടാങ്കുകളുടെ നിർമ്മാണവും അശാസ്ത്രീയമാണെന്നാണ് നാട്ടുകാർ പറയുന്നത്.


മുചുകുന്ന് സ്വദേശിയുടെ പേരിലാണ് ഈ ലൈസൻസുള്ളത്. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള 30 സെൻ്റ് സ്ഥലം പാട്ടത്തിനെടുത്താണ് ഇവിടെ കഴിഞ്ഞ രണ്ട് വർഷമായി ഹോട്ടൽ നടത്തുന്നത്. എന്നാൽ മാസങ്ങളായി പ്രദേശത്തെ കിണറുകൾ മലിനമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ നാട്ടുകാർ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ നിരവധി തവണ പരാതി കൊടുത്തിരുന്നെങ്കിലും യാതൊരു നടപടിയും എടുക്കാത്തിനെത്തുടർന്ന് ഇന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയായിരുന്നു. മലിനജലം കിണറുകളിൽ പരക്കുന്നതോടെ പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതായും പരാതിയുണ്ട്. പ്രദേശത്തെ 7 വീടുകളിലെ കിണറുകൾ പരിശോധിച്ചപ്പോൾ എല്ലാറ്റിലും മാലിന്യം കലർന്നിട്ടുണ്ടെന്ന് വ്യക്തമായി. കിണറുകളിൽ മഞ്ഞ കലർന്ന വെള്ളമാണുള്ളത്. കൂടാതെ ദുർഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട്.


സംഭവം വിവാദമായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റർ, വാർഡ് അംഗം സുധ, പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്നും നാട്ടുകാരുടെ പ്രശ്നം ന്യായമാണെന്നും ഇവർ അറിയിച്ചു.


