KOYILANDY DIARY.COM

The Perfect News Portal

കെ.പി.എ.സി ലളിത അന്തരിച്ചു

കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. ചെങ്ങന്നൂര്‍ അമ്പലത്തില്‍ മാതാപിതാക്കള്‍ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്. സ്‌കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്.

എക്കാലത്തെയും മികച്ച വിപ്ലവഗാനമായ പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ…’യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടക വേദികളില്‍ കെ.പി.എ.സി ലളിത ശ്രദ്ധനേടി. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി. സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. സുകുമാരിയെപ്പോലെ തന്നെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയനടിയാക്കിയത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *