ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ ഗുജറാത്തിലെത്തി
അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ ആദ്യ യാത്രയുടെ ഭാഗമായി ഗുജറാത്തിലെത്തി. അദാനി ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ള സിഎംഎ മുന്ദ്ര തുറമുഖത്താണ് കപ്പല്‍ അടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് വരെ ജലഗതാഗത മേഖലയിലുള്ള ഏറ്റവും വലിയ കപ്പലായ എപിഎല്‍ റാഫിള്‍സാണ് ചരക്കുകയറ്റുന്നത്. ഫ്രഞ്ച് കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്ബനിയായ സിഎംഎ സിജിഎമ്മാണ് കപ്പല്‍ നിര്‍മ്മിച്ചത്. 2013ല്‍ നിര്‍മ്മിച്ച കപ്പലിന് 397 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമാ ണുള്ളത്. ഇത് ഏകദേശം നാല് ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ അള വാണ്. ഗള്‍ഫ്, ഗ്രേറ്റര്‍ ചൈന, തെക്ക്കിഴക്കന്‍ ഏഷ്യാ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുമായിട്ടാണ് മുന്ദ്രാ തുറമുഖത്ത് എത്തിയത്.

റാഫിള്‍സ് മുന്ദ്ര തുറമുഖത്ത് അടുപ്പിച്ചതോടെ ഗുജറാത്ത് തുറമുഖം കേന്ദ്രീകരിച്ച് ഏത് വലിയ കപ്പലുകളും അടുപ്പിക്കാമെന്ന സൗകര്യമാണ് ഉറപ്പായിരിക്കുന്നതെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് ഏറ്റവുമധികം കാര്‍ഷിക വിളകളും മറ്റ് ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന തുറമുഖമാണ് മുന്ദ്ര. നല്ല ആഴമുള്ള സമുദ്രമേഖലയെന്ന നിലയിലും എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തന സജ്ജമാണെന്നതാണ് മറ്റൊരു പ്രത്യേകത.


