പേരാമ്പ്രയില്‍ യുഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനില്‍ കയ്യാങ്കളിയും ബഹളവും
പേരാമ്പ്ര > യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കണ്‍വന്‍ഷനില്‍ കയ്യാങ്കളിയും ബഹളവും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കാന്‍ പേരാമ്പ്ര മാര്‍ക്കറ്റിനു മുന്‍വശമുള്ള ശിഹാബ്തങ്ങള്‍ സൌധത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷനാണ് അലങ്കോലപ്പെട്ടത്. കണ്വന്ഷന് ജനതാദള്‍ യു വിഭാഗം ബഹിഷ്കരിച്ചിരുന്നു. യോഗത്തില്‍ കോണ്‍ഗ്രസിലെ എ, ഐ വിഭാഗങ്ങളാണ് തുറന്ന പോരിനിറങ്ങിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി റിബലുകള്‍ക്ക് പരസ്യമായ പിന്തുണ നല്കിയ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് രാജന് മരുതേരിയും യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി കെ രാഗേഷും ഭാരവാഹികളായ കമ്മിറ്റിയുമായി സഹകരിക്കില്ലെന്ന് മുസ്ളിം ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണ്‍വീനറായി എ ഗ്രൂപ്പുകാരനായ രാജന് മരുതേരിയുടെ നോമിനിയും മണ്ഡലം പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതലയുമുള്ള കെ വി ദാമോദരന്‍നായരെ നിര്‍ദേശിച്ചതോടെ യോഗം ബഹളത്തിലും കയ്യാങ്കളിയിലും മുങ്ങി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ഐ ഗ്രൂപ്പുകാരനായ പി പി രാമകൃഷ്ണനെ കണ്‍വീനറായും മുസ്ളിം ലീഗിലെ എം കെ സി കുട്ട്യാലിയെ ചെയര്‍മാനായും തെരഞ്ഞെടുത്തു. ഇതോടെ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് രാജന് മരുതേരിയുടെയും കെ വി ദാമോദരന്‍നായരുടെയും നേതൃത്വത്തിലുള്ള എ വിഭാഗം കണ്വന്ഷന് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇറങ്ങിപ്പോയവര്‍ കാണിച്ചുതരാമെന്നു പറഞ്ഞ് ഐ വിഭാഗക്കാരെയും ലീഗുകാരെയും ഭീഷണിപ്പെടുത്തുന്നതും വെല്ലുവിളിക്കുന്നതും കാണാമായിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ഘടകകക്ഷികള്‍ തമ്മിലുള്ള അസ്വാരസ്യംമൂലം യുഡിഎഫ് യോഗം ചേരാറുണ്ടായിരുന്നില്ല. ലീഗ് ഓഫീസില്‍ വന്ന് അടിയുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന ലീഗ് നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി മറ്റു ഭാരവാഹികളെ തീരുമാനിക്കാതെ യോഗം പിരിച്ചുവിടുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജനതാദള്‍ യുവിലെ എന്‍ എം അഷറഫിനെ ദയനീയമായി പരാജയപ്പെടുത്തി ലീഗിന്റെ റിബല്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച കോണ്‍ഗ്രസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജനതാദള്‍ യു പേരാമ്പ്രയില്‍ മുന്നണി ബന്ധം അവസാനിപ്പിച്ചിരുന്നു.
കോണ്‍ഗ്രസും ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യമാണ് പേരാമ്പ്രയില്‍ ബിജെപിക്കാരന് പഞ്ചായത്ത് അംഗമാകാന്‍ കാരണം. ബിജെപിയും കോണ്‍ഗ്രസും പരസ്പരം വോട്ട് മറിച്ച് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുകയും പലേടത്തും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയുമുണ്ടായി. 22ന് ജനതാദള്‍ യുവിന്റെ പ്രത്യേക കണ്വന്ഷന് പേരാമ്പ്രയില്‍ ചേരുന്നുണ്ട്. യുഡിഎഫുമായി ഒരു കാരണവശാലും സഹകരിക്കില്ലെന്ന നിലപാടിലാണ് ജനതാദള്‍ യു പ്രവര്‍ത്തകര്‍.
