KOYILANDY DIARY.COM

The Perfect News Portal

സര്‍ക്കാരിന്റെ മദ്യനയം കാറ്റില്‍ പറത്തി സംസ്ഥാനത്ത് ആറു ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കി

കൊച്ചി :  ഘട്ടം ഘട്ടമായ മദ്യനിരോധം എന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം കാറ്റില്‍ പറത്തി സംസ്ഥാനത്ത് ആറു ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കി.

കൊച്ചി മരടിലെ ക്രൌണ്‍ പ്ളാസ, ആലുവ അത്താണിയിലെ ഡയാന ഹൈറ്റ്സ്, ആലപ്പുഴയിലെ ഹോട്ടല്‍ റമദ , തൃശ്ശൂര്‍ ജോയ്സ് പാലസ്, അങ്കമാലി സാജ് എര്‍ത്ത് റിസോര്‍ട്ട്സ് , വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ട് എന്നിവക്കാണ് എക്സൈസ് കമ്മിഷണര്‍ ബാര്‍ ലൈസന്‍സ് നല്‍കിയത്. ഇവയെല്ലാം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ്. എന്നാല്‍, ഇതില്‍ നാലെണ്ണം ത്രീ സ്റ്റാറില്‍ നിന്ന് അടുത്ത കാലത്ത് ഫൈവ് സ്റ്റാറായി അപ്ഗ്രേഡ് ചെയ്തതാണ്. സാജ് എര്‍ത്ത് റിസോര്‍ട്ട് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി നേടിയാണ് ബാര്‍ ലൈസന്‍സ് കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 30 ആയി.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയതെന്നും അത് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നുള്ള വ്യതിചലനം അല്ലെന്നുമാണ് ബാര്‍ലൈസന്‍സ് നല്‍കിയ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ ഒത്താശയോടെ ബാറുകള്‍ ഫൈഫ് സ്റ്റാര്‍ ആയി ഉയര്‍ത്തി ലൈസന്‍സ് നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാമെന്നാണ് പറയുന്നതെന്ന് ഇത് സംബന്ധിച്ചുള്ള വിശദീകരണം.

Advertisements

മദ്യനയത്തിന് അനുസൃതമായാണ് ലൈസന്‍സ് കൊടുത്തതെന്നാണ് ബാറുകള്‍ അനുവദിച്ച സംബന്ധിച്ചുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.  സ്വാഭാവിക നടപടി മാത്രമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഘട്ടം ഘട്ടമായ മദ്യനിരോധം എന്ന നയത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്താണ് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയത്. പുതുതായി പത്തു ത്രീ സ്റ്റാര്‍ ഹോട്ടലുകളാണ് ഫൈവ് സ്റ്റാര്‍ ആയി അപ്ഗ്രേഡ് ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവയ്ക്ക് കൂടി അനുമതി ലഭിക്കുന്നതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം പാവപെട്ട സാധാരണക്കാര്‍ക്ക് മാത്രമായി ചുരുങ്ങുമെന്നതാണ് സാരം.

Share news