കോവിഡ് ഭീതി; തിരക്കൊഴിഞ്ഞ് കൊയിലാണ്ടി
കൊയിലാണ്ടി: കോവിഡ് വ്യാപനം; തിരക്കൊഴിഞ്ഞ് കൊയിലാണ്ടി. ആളും ആരവവും എവിടെ നോക്കിയാലും തിരക്കോതിരക്ക്. ദേശീയപാതയിൽ കൊയിലാണ്ടി പട്ടണത്തിന്റെ രണ്ട് കിലോമീറ്റർ ദൂരത്തെത്തിയാൽ ഇത് കൊയിലാണ്ടിയെത്താനായി എന്ന അടയാളപ്പെടുത്തലാണ് മലബാറുകാർക്ക് കൊയിലാണ്ടിയിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത്. എന്നാൽ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ അലയൊലി കേട്ടപ്പോഴേക്കും പട്ടണം ഉറക്കത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി അനുഭവപ്പെടുന്നത്. കടകളിൽ ആളുകൾ നന്നേ കുറവ് ബസ്സുകളിലും മറ്റ് ടാക്‌സി സർവ്വീസുകളിലും ആളുകൾ കയറാൻ മടികാണിച്ച് തുടങ്ങി.
സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങൾ പതുക്കെ പതുക്കെ ജനങ്ങൾക്ക് നേരെ എത്താൻ തുടങ്ങിയതോടെ പലരും മറ്റ് പരിപാടികൾ മാറ്റി വെച്ച് വീടുകളിൽതന്നെ ചടഞ്ഞിരിക്കേണ്ട അവസ്ഥയിലേക്കെത്തി. വിവാഹ വീടുകളിലേക്ക് ക്ഷണിക്കപ്പെട്ടവർ യാത്ര മാറ്റി വെച്ച് വാട്‌സാപ്പിൽ ആശംസ സന്ദേശം മാത്രമാക്കി ഒതുക്കി. ഇത് പലർക്കു കനത്ത പ്രഹരമാണ് ഉണ്ടാക്കിയത്. മരണ വീടുകളിലെ കർശന നിയന്ത്രണവും പലരെയും അകറ്റിയതോടെ ഒരു ലോക്ഡൗണിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ചുരുക്കിപ്പറഞ്ഞാൽ ഒരു ഹർത്താൽ പ്രതീതിയാണ് ഇപ്പോൾ കൊയിലാണ്ടി പട്ടണമാകെയുള്ളത്.

50ശതമാനം ട്രാഫിക് പോലീസുകാരുടെയും ജോലി സ്‌റ്റേഷനകത്ത് മാത്രമായി ഒതുങ്ങി. സ്‌കൂളുകൾ 21 മുതൽ അടയ്ക്കുന്നതോടെ കുട്ടികളും ഇനി പുറംലോകം കാണില്ല. ഞായറാഴ്ച അവശ്യ സർവ്വീസ് മാത്രമായി സർക്കാർ പ്രഖ്യാപിച്ചതോടെ ഇതൊരു സമ്പൂർണ്ണ ലോക്ഡൗണിന് മുന്നോടിയായുള്ള പ്രഖ്യാപനമായാണ് ജനങ്ങൾ കാണുന്നത്. ബസ്സ്സ്റ്റാൻര്, മാർക്കറ്റ്, ഹാർബർ, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആളുകളുടെ വരവ് കുത്തനെ ഇല്ലാതായതോടെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നാട് നീങ്ങുന്നതെന്ന് വ്യക്തം.

കൊയിലാണ്ടിയിൽ കോവിഡ് കേസുകളിൽ ക്രമാതീതമായാണ് ഇപ്പോൾ വർദ്ധന ഉണ്ടാകുന്നത്. ടി.പി.ആർ നിരക്ക് 50 ശതമാനത്തിനോടടുത്തെത്തി നിൽക്കുകയാണ്. ആശുപത്രികളിൽ രോഗികളാൽ നിറയുന്ന സ്ഥിതിയിലേക്ക് പോകും എന്നാണ് മനസിലാക്കുന്നത്.

