പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ ചെത്തുന്നത് തടയാന്‍ പോലീസ്
ബാലുശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ ചെത്തുന്നത് തടയാന്‍ പോലീസ് രംഗത്ത്. ഇന്നലെ ബാലുശ്ശേരി, കോക്കല്ലൂര്‍ ഭാഗങ്ങളിലെ പരിശോധനയില്‍ 4 വണ്ടികള്‍ കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ലൈസന്‍സ് എടുക്കാനുള്ള പ്രായം പോലുമാകാത്തവര്‍ ബൈക്കുമെടുത്ത് സ്കൂളിലേക്ക് വരെയെത്തുന്നുണ്ടെന്ന പരാതിയിലാണ് പൊലീസ് നടപടി. ഇങ്ങനെ വണ്ടിയോടിക്കുന്നവരുടെ രക്ഷിതാവിന് 3 വര്‍ഷം തടവും വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും ചുമത്തുകയോ ഇവ രണ്ടും ഒരുമിച്ച് ചുമത്തപ്പെടുകയോ ചെയ്യാം. പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥിയ്ക്ക് പിന്നിട് 25 വയസ്സിന് ശേഷമേ ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. മയക്കുമരുന്ന് മാഫിയ ഇത്തരം കുട്ടി ബൈക്ക് യാത്രികരെ വലവീശി തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഉപയോഗപ്പെടുത്തുന്നതായും പരാതിയുണ്ട്.

