KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണ പദ്ധതി മുഖേന കൈത്തറി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ആധുനികവത്ക്കരണവും വൈവിധ്യവത്ക്കരണവും നടത്തി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ കൊയിലാണ്ടിയിലെ പന്തലായനി നെയ്ത്ത് സഹകരണ സംഘം പ്രതിസന്ധികളില്‍ നിന്ന് കരകയറാനാകാതെ ഉഴലുകയാണ്. പ്രൗഡിയോടെയാണ് ആരംഭമെങ്കിലും ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ് ഫാക്ടറി. കെട്ടിടം ഇടിഞ്ഞ് പൊളിഞ്ഞ് വീഴാന്‍ തുടങ്ങിയതോടെ സെക്രട്ടറിയുടെ ഇരിപ്പിടം പോലും പുറത്താണ്. 1925-ല്‍ സ്ഥാപിതമായി 1926ലാണ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചത്. താലൂക്കിലെ വിവിധ

തെരുവുകളിലെ ആളുകള്‍ക്ക് തൊഴില്‍ നല്കാന്‍ കഴിയുന്ന സ്ഥാപനമെന്ന നിലയ്ക്കാണ് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങിയത്. ബീച്ച്‌ റോഡിനടുത്ത് ഒരു ഏക്കര്‍ പതിനാറ് സെന്റ് സ്ഥലത്താണ് ഫാക്ടറി. ഇത് കൂടാതെ മുചുകുന്നില്‍ 25 – ഏക്കര്‍ സ്ഥലം നെയ്ത്തുകാരുടെ കോളനിയ്ക്കായും വാങ്ങിയിരുന്നു. പിന്നീട് ഈ സ്ഥലത്തില്‍ നിന്ന് 20 ഏക്കര്‍, സെന്റിന് 20 രൂപ നിരക്കില്‍ ഭരണസമിതി മുചുകുന്നു കോളേജിന് വിറ്റു. ബാക്കി 5 ഏക്കര്‍ വെറുതെ കിടക്കുന്നു. ടൗണില്‍ ആറ് കടകള്‍ സൊസൈറ്റിക്ക് ഉണ്ട്. ഒന്നില്‍ ഡിപ്പോയും 4 മുറികള്‍ വാടകയ്ക്കും നല്കിയിരിക്കുകയാണ്.

ചായം മുക്കല്‍, നെയ്ത്ത് എന്നീ ജോലികളാണ് ഇവിടെ നടക്കുന്നത്. മുണ്ട്, ഷര്‍ട്ടിംഗ്, കാവി മുണ്ട്, തോര്‍ത്ത്, ലുങ്കി, ഷീറ്റ് എന്നിവയാണ് ഇവിടെ ഉല്‌പാദിപ്പിക്കുന്നത്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ മികച്ചതാണ് ഈ ഉത്പന്നങ്ങള്‍ എന്ന് ഉപഭോക്താക്കള്‍ പറയുന്നു. റിബേറ്റ് കാലത്താണ് വില്പന കൂടുതല്‍. എന്നാല്‍ ജോലിക്കനുസരിച്ച്‌ വേതനം ലഭിക്കാതായതോടെ തൊഴിലാളികള്‍ ഈ രംഗം ഉപേക്ഷിക്കാന്‍ തുടങ്ങി. ഇന്ന് മികച്ച നെയ്ത്ത് തൊഴിലാളികള്‍ക്ക് പോലും ലഭിക്കുന്നത് 350 രൂപയാണ്.

Advertisements

ഭരണസമിതി ചട്ടപ്പടി യോഗങ്ങള്‍ നടത്താറുണ്ടെങ്കിലും കാലത്തിനൊപ്പം സ്ഥാപനത്തെ നയിക്കാന്‍ പദ്ധതികള്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് ഈ രംഗം വിട്ടവര്‍ പറയുന്നു. ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടം പൊളിച്ച്‌ മാറ്റി പുതിയ കെട്ടിടം പണിത് ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം നടത്തിയില്‍ സൊസൈറ്റിക്ക് അതിജീവിക്കാന്‍ കഴിയുമെന്നും ചുരിദാര്‍, ലിനന്‍, ഫര്‍ണിഷിംഗ് തുടങ്ങിയ പുതിയ മേഖലയിലേക്ക് വലിയ സാദ്ധ്യതകള്‍ തുറന്നു കിട്ടുമെന്നും അഭിപ്രായങ്ങള്‍ ഉണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *