മലാനയില്‍ സഞ്ചാരികള്‍ പോകുന്നത് കഞ്ചാവ് വലിക്കാനല്ല
ഹിമാചല്‍ പ്രദേശിലെ കുളുവിന് സമീപത്തായുള്ള ഒരു കൊച്ചു ഗ്രാമമാണ് മലാന. സഞ്ചാരികള്‍ ട്രെക്കിംഗിനായി എത്തിച്ചേരുന്ന ഈ ഗ്രാമം ചരസിനും കഞ്ചാവിനും പേരുകേട്ടതാണ്. അതിനാല്‍ തന്നെ കഞ്ചാവ് വലിക്കാന്‍ ആഗ്രഹിച്ച് മലാനയില്‍ എത്തുന്നവര്‍ കുറവല്ല.എന്നാല്‍ മലാനയില്‍ എത്തുന്ന സഞ്ചാരികള്‍ എല്ലാവരും കഞ്ചാവ് വലിക്കുന്നവരാണെന്ന് കരുതരുതെ.
സമുദ്രനിരപ്പില്‍നിന്നും 3029 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ മലാന നദീതീരത്താണ് മലാന ഗ്രാമം സ്ഥിതിചെയ്യുന്നത്. കുളു താഴ്‌വരയോട് അടുത്തുകിടക്കുന്ന മലാനയില്‍നിന്നുകൊണ്ട് ചന്ദ്രഖനി കുന്നുകളുടെയും ഡിയോതിബയുടെയും സൗന്ദര്യം ആസ്വദിക്കാനാകും.

ജനസംഖ്യ താരതമ്യേന കുറവായ ഈ പ്രദേശത്തെ ജനങ്ങള്‍ സംസാരിക്കുന്നത് സംസ്കൃത ഭാഷയുടേയും ടിബറ്റന്‍ ഭാഷയുടേയും സമ്മിശ്ര രൂപമായ കനാഷി എന്ന ഭാഷയാണ്.

നഗരജീവിതത്തിന്‍റെ പരിഷ്കാരങ്ങള്‍ കടന്നുകയറിയിട്ടില്ലാത്ത മലാനയിലെ ജനങ്ങള്‍ തീര്‍ത്തും ഗ്രാമീണമായ ജീവിതരീതിയാണ് നയിച്ചുപോരുന്നത്. പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ആചാരാനുഷ്ടാനങ്ങളെ മുറുകെ പിടിക്കുന്നവരാണ് ഇവിടുത്തെ ഭൂരിഭാഗം ഗ്രാമവാസികളും.

ജാമുല ഋഷിയുടെ പ്രതിനിധികളായ 11 പേര്‍ ചേര്‍ന്നാണ് ഈ ഗ്രാമത്തിന്‍റെ ഭരണം നടത്തുന്നത്. അവരുടെ തീരുമാനങ്ങള്‍ ആ ഗ്രാമത്തിന്‍റെ അവസാനവാക്കായി കരുതിപ്പോരുന്നു.
സമ്പന്നമായ പൈതൃകം കൊണ്ടും ശാന്തസുന്ദരമായ പ്രകൃതികൊണ്ടും അനുഗ്രഹീതമാണ് മലാന. അതുകൊണ്ടുതന്നെ ഒരുപാടു ഡോക്യുമെന്‍റെറികളുടെയും ഭാഗമായിട്ടുണ്ട് ഈ ഗ്രാമം.
മാസിഡോണിയന്‍ പടയോട്ടകാലത്ത് അലക്സാണ്ടറുടെ സൈന്യം നിര്‍മിച്ചതാണത്രെ ഈ ഗ്രാമം. മലാനയിലെ ജനങ്ങള്‍ ആര്യന്‍ വംശത്തിന്‍റെ പിന്തുടര്‍ച്ചക്കാരാണെന്നും പറയപ്പെടുന്നു.
ഈ പ്രദേശത്തെ ജനങ്ങളോടുചോദിച്ചാല്‍ അവരുടെ ആചാരാനുഷ്ടാനങ്ങളെപറ്റി വിശദമായി പറഞ്ഞുതരും. എന്നാല്‍ അതോടൊപ്പംതന്നെ ഗ്രാമവാസികളെ പ്രകോപിപ്പിക്കാതിരിക്കാന്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കാറുണ്ട്.
മലാന ഹൈഡ്രോ പവര്‍ സ്റ്റേഷന്‍ എന്ന അണകെട്ട് പദ്ധതി ഈ ഗ്രാമത്തിന്‍റെ വികസനത്തില്‍ വലിയ മുതല്‍ക്കൂട്ടായി. ഇവിടെയെത്തുന്ന യാത്രികര്‍ക്ക് ഈ അണക്കെട്ടും ഒരു കാഴ്ചയാണ്.
ട്രെക്കിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയ ഭൂപ്രദേശം കൂടിയാണ് മലാനയിലേത്
മലാനയിലെത്താന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് വിമാനമാര്‍ഗമാണേങ്കില്‍ നിങ്ങള്‍ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള കുളു വിമാനത്താവളത്തിലെത്താം. കുളുവില്‍നിന്ന് മലാനയിലേക്ക് നേരിട്ട് ബസ് സര്‍വീസുകളുമുണ്ട്
ജൊഗീന്ദര്‍ നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ആണ് മലാനയോട് ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ . ചണ്ഡിഗഢ് റെയില്‍വേ സ്റ്റേഷന്‍ മുഖേന ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും നിങ്ങള്‍ക്കിവിടെ എത്തിച്ചേരാം.
