KOYILANDY DIARY

The Perfect News Portal

ബംഗ്ലദേശിനെതിരെ പാക്കിസ്ഥാന് കൂറ്റന്‍ സ്കോര്‍

കൊല്‍ക്കത്ത• ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് രണ്ടിലെ രണ്ടാം മല്‍സരത്തില്‍ ബംഗ്ലദേശിനെതിരെ പാക്കിസ്ഥാന് കൂറ്റന്‍ സ്കോര്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേട ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുത്തു. ലോകകപ്പ് ട്വന്റി20യില്‍ പാക്കിസ്ഥാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ അഹമ്മദ് ഷഹ്സാദ് (39 പന്തില്‍ 52), മുഹമ്മദ് ഹഫീസ് (42 പന്തില്‍ 64) എന്നിവരും 19 പന്തില്‍ 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയുമാണ് പാക്കിസ്ഥാന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ബംഗ്ലദേശിനായി അറാഫാത്ത് സണ്ണി രണ്ടു വിക്കറ്റ് വീഴ്ത്തി. ഇക്കഴിഞ്ഞ ഏഷ്യാകപ്പില്‍ പാക്കിസ്ഥാന്‍ ബംഗ്ലദേശിനോട് തോറ്റിരുന്നു.

ടോസ് നേടിയതു മുതല്‍ പാക്കിസ്ഥാന് അനുകൂലമായിരുന്ന മല്‍സര ഗതി. ഉമര്‍ അക്മല്‍ ഒഴികെയുള്ള ബാറ്റ്സ്മാന്മാരെല്ലാം ക്ലിക്കായതോടെ ബംഗ്ലദേശ് ബോളര്‍മാര്‍ അടികൊണ്ടു വലഞ്ഞു. മികച്ച കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്നതില്‍ വിജയം കണ്ട പാക്ക് ബാറ്റ്സ്മാന്‍മാര്‍ നിഷ്പ്രയാസമാണ് വന്‍ സ്കോറിലേക്ക് കുതിച്ചത്. രണ്ടാം വിക്കറ്റില്‍ മുഹമ്മദ് ഹഫീസും അഹമ്മദ് ഷെഹ്സാദും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 95 റണ്‍സാണ് പാക്ക് ഇന്നിങ്സിന്റെ നട്ടെല്ല്. ഷെഹ്സാദ് 39 പന്തില്‍ എട്ടു ബൗണ്ടറികളോടെ 52 റണ്‍സെടുത്ത് പുറത്തായി. ഹഫീസാകട്ടെ 42 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്സുമുള്‍പ്പെടെ 64 റണ്‍സെടുത്തു.

എന്നാല്‍, 19 പന്തില്‍ 49 റണ്‍സ് എടുത്ത ശാഹിദ് അഫ്രീദിയായിരുന്നു കൂടുതല്‍ ആക്രമണകാരി. ഇന്ത്യക്കാരുടെ സ്നേഹത്തെക്കുറിച്ച്‌ പറഞ്ഞ് പുലിവാലു പിടിച്ച അഫ്രീദി പക്ഷേ, വിമര്‍ശകരുടെ നാവടപ്പിച്ചത് ബാറ്റുകൊണ്ട്. ബംഗ്ല ബോളര്‍മാരെ നിഷ്പ്രയാസം നേരിട്ട അഫ്രീദി നാലു വീതം ബൗണ്ടറിയും സിക്സും പറത്തി. ശുഐബ് മാലിക്ക് 15 റണ്‍സോടെയും ഇമാദ് വാസിം റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.

Advertisements