കാപ്പാട് കടൽതീരത്ത് ആധുനിക രീതിയലുള്ള ഭിത്തി സ്ഥാപിക്കാൻ 12 കോടിയുടെ പദ്ധതി തയ്യാറായതായി മന്തി കെ. കൃഷ്ണൻകുട്ടി അറിയിച്ചു
കൊയിലാണ്ടി: കാപ്പാട് കടൽതീരത്ത് ആധുനിക രീതിയലുള്ള ഭിത്തി സ്ഥാപിക്കാൻ 12 കോടിയുടെ പദ്ധതി തയ്യാറായതായി മന്തി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് ജലവിഭവ വകുപ്പ് മന്ത്രിയുടെ ആഭാവത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി മറുപടി പറഞ്ഞത്. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ കാപ്പാട് മുതൽ വലിയമങ്ങാട് വരെയുള്ള കടൽ ഭിത്തിക്ക് പല പ്രദേ ശങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . മേൽ പ്രദേശത്ത് സി.പി 1913-നും, 1929-നും ഇടയിൽ 1.5 കി. മീ നീള ത്തിൽ കടൽഭിത്തിയുടെ പുനരുദ്ധാരണത്തിനും 335 മീറ്റർ നീളത്തിൽ ഫിഷിംഗ് ഗ്യാപ്പ് അടക്കുന്നതിനുമായി ഏക ദേശം 12 കോടി രൂപയുടെ പ്രൊപ്പോസലുകൾ തയ്യാറായിട്ടുണ്ടെന്ന് മന്ത്രി രേഖമൂലം നിയമസഭയിൽ അറിയിച്ചു.

പഠനങ്ങൾ, ഡി.പി.ആർ തയ്യാറാക്കൽ അടക്കമുള്ള തുടർ നടപടികൾക്ക് വേഗം പോര എന്നാണ് കാണുന്നത്. ശാശ്വതമായ പരിഹാരത്തിനുതകുന്ന പദ്ധതി നിശ്ചയിച്ച് ഡി.പി.ആർ തയ്യാറാക്കി നിർമ്മാണ നടപടികളിലേക്ക് കടക്കണമെന്നും ചെല്ലാനത്തെപ്പോലെ തന്നെ കാപ്പാട് കടൽത്തീരത്തിനും അടിയന്തര പ്രാധ്യാന്യം നൽകി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കാനത്തിൽ ജമീല സബ്മിഷനിലൂടെ അഭ്യർത്ഥിച്ചു.


ടൌട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് തീര പ്രദേശത്ത് കൂടുതൽ നാശനഷ്ടം സംഭവിച്ചതിനാൽ പരിസ്ഥിതിക്ക് അനുയോജ്യമായ കടൽഭിത്തിയുടെയും പുലിമുട്ടുകളുടെയും പുതുക്കിയ ഡിസൈനുവേണ്ടി നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് എന്ന വിദഗ്ധ സ്ഥാപനത്തിന്റെ സഹായത്തോടെ വിശദമായ പഠനം നടത്തുവാൻ തെരഞ്ഞെടുത്ത 10 ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ കാപ്പാട് പ്രദേശം ഉൾപ്പെടുത്തിയിട്ടുണ്ട് . അതനുസരിച്ച് ധാരണാ പത്രം (എം.ഒ.യു ) ഒപ്പു വയ്ക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. അപ്രകാരം അന്തിമ ധാരണാ പത്രം എൻ സി.സി.ആർ-ന് നൽകിയിട്ടുണ്ട്. ധാരണാപത്രം ഒപ്പുവച്ച് പൂർത്തിയാക്കി സമയബന്ധിതമായി വിശദ പദ്ധതിരേഖ തയ്യാറാക്കി നിർമ്മാണ നടപടികളിലേക്ക് കടക്കാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.


കേരളത്തിൽ അതിരൂക്ഷമായ കടൽ ക്ഷോഭം നേരിടുന്ന ഹോട്ട് സ്പോട്ടുകളുടെ പ്രാദേശിക പ്രത്യേകതകൾ വ്യത്യസ്ഥമാണ് ആയതിനാൽ ഓരോ പ്രദേശത്തിനും യോജിച്ച സാങ്കേതിക വിദ്യയും ഡിസൈനും തയ്യാറാക്കേണ്ടതുണ്ട്. കടലാക്രമണത്തിന്റെ രൂക്ഷതയനുസരിച്ച് മുൻഗണനാ ക്രമത്തിൽ കാപ്പാട് തീരത്തിന് ഡി.പി. ആർ തയ്യാറാക്കി പ്രവൃത്തി വിഭാവനം ചെയ്യാവുന്നതാണ് .


കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ 32 കിലോമീറ്ററോളം ദൈർഖ്യമുള്ള കടൽത്തീരമാണ് ഉള്ളത്. ഇതിൽ കൊയിലാണ്ടി ഹാർബർ മുതൽ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം വരെയുള്ള ഭാഗത്തെ കടൽഭിത്തികൾ ഇടയ്ക്കിടെ ഉണ്ടായ കടൽക്ഷോഭത്തിൽ പൂർണ്ണമായും തകർന്നിരിക്കുകയാണ്. കടൽഭിത്തികൾ തകർന്നതോടെ തിരമാലകളടിച്ചു കയറിയാണ് സമീപത്തുള്ള തീരദേശ റോഡും പൂർണ്ണമായും തകർന്ന് ഗതാഗതം മാസങ്ങളായി തടസ്സപ്പെട്ടിട്ട്. കടൽക്ഷോഭത്തെ ശാശ്വതമായി പ്രതിരോധിക്കാൻ കഴിയുന്ന ഏതെങ്കിലും തരത്തിലുള്ള നടപടികൾ ഉണ്ടായാൽ മാത്രമെ റോഡ് പുനസ്ഥാപിക്കാൻ കഴിയുകയുള്ളു. അടിക്കടിയുണ്ടാകുന്ന കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം കാണാൻ കിഫ്ബി സഹായത്തോടെ രൂപം നൽകിയ പദ്ധതിയിൽ ഈ കാപ്പാട് കടൽത്തീരത്തെയും ഹോട്ട് സ്പോട്ടുകളിലൊന്നായി ഉൾപ്പെടുത്തിയിട്ടുണ്ട് .

