KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത നിർമാണ പ്ലാൻ്റിനു നേരെയുളള എതിർപ്പ് ശക്തമായി

പയ്യോളി: കൊക്കർണിവയലിൽ വരുന്ന ദേശീയപാത നിർമാണ പ്ലാൻ്റിനു നേരെ എതിർപ്പ് ശക്തമായി. അയനിക്കാട് പ്രദേശത്തെ എട്ടേക്കർ വരുന്ന പാടശേഖരം മണ്ണിട്ടു നികത്താനുള്ള നീക്കത്തിനെതിരേയാണ് പ്രദേശവാസികൾ രംഗത്തു വന്നത്. ദേശീയപാത വികസനം മറയാക്കി സ്വകാര്യവ്യക്തി കൊക്കർണിവയൽ നികത്താനാണ് ശ്രമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

ദേശീയപാത നിർമിക്കുന്ന കമ്പനിയുടെ പ്ലാൻ്റിനായി ഈ വയൽ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. വർഷങ്ങൾക്കു മുമ്പ് ഈ വയൽ നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. അയനിക്കാട് ഭാഗത്തെ പ്രധാന വയൽ പ്രദേശവും ജലസ്രോതസ്സുമാണ് ഈ പാടശേഖരം. നാട്ടുകാർ തണ്ണീർത്തട സംരക്ഷണ സമിതി രൂപവത്‌കരിച്ച് ഒപ്പുശേഖരണം നടത്തിവരുന്നുണ്ട്‌. പ്രക്ഷോഭ പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ നാട്ടുകാരുടെ അഭ്യർഥനപ്രകാരം വെള്ളിയാഴ്ച കാനത്തിൽ ജമീല എം.എൽ.എ. സ്ഥലം സന്ദർശിച്ചു. തണ്ണീർത്തടം നികത്തി പ്ലാന്റ് നിർമിക്കില്ലെന്ന് എം.എൽ.എ. കർമസമിതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

കൗൺസിലർമാരായ കെ.ടി. വിനോദ്, അൻവർ കായിരിക്കണ്ടി, ഡപ്യൂട്ടി കളക്ടർ ഇ. അനിതകുമാരി, തഹസിൽദാർ കെ. ഷറീന, എൻ.എച്ച്. ലെയ്സൺ ഓഫീസർ വൈ.എം.സി. സുകുമാരൻ, സൂപ്രണ്ട് അനിൽകുമാർ, പൊതു പ്രവർത്തകരായ കെ.പി. ഷൈനു, സി.പി. പ്രജിത്ത് ലാൽ, കെ. ശശിധരൻ, കെ.പി. ഷിജു, എൻ.സി. മുസ്തഫ എന്നിവരും കൂടെയുണ്ടായിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *