KOYILANDY DIARY

The Perfect News Portal

അരുണാചല്‍ പ്രദേശ് – ഇന്ത്യയുടെ ഓര്‍ക്കിഡ്‌ സംസ്ഥാനം

പൂത്ത്‌ നില്‍ക്കുന്ന ഓര്‍ക്കിഡുകള്‍, മഞ്ഞ്‌ മൂടിയ മലനിരകള്‍, പ്രശാന്തമായ താഴ്‌ വാരങ്ങള്‍, വനങ്ങളിലെ ഇലകളുടെ മര്‍മര സ്വരം, വളഞ്ഞൊഴുകുന്ന അരുവികള്‍, ബുദ്ധസന്യാസികളുടെ ജപങ്ങള്‍, ആതിഥ്യ മര്യാദയുള്ള ജനങ്ങള്‍ ഇവയെല്ലാം കണ്ടും കേട്ടും ആസ്വദിക്കണമെങ്കില്‍ അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശിക്കണം. വൈവിധ്യമാര്‍ന്ന സസ്യജന്തു ജാലങ്ങളെ കണ്ടുള്ള സംസ്ഥാനത്തു കൂടിയുള്ള അത്ഭുത യാത്ര മുമ്പിതുവരെ അനുഭവിക്കാത്ത ഒന്നായിരിക്കും.

അരുണാചല്‍ പ്രദേശിന്റെ ഭൂപ്രകൃതി

അരുണാചല്‍പ്രദേശ്‌വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണം ഇവിടുത്തെ പ്രകൃതിയാണ്‌. പ്രകൃതിയുടെ എല്ലാ മനോഹര ദൃശ്യങ്ങളും ആശ്വദിച്ചുള്ള ഒരു യാത്രയാണ്‌ ഇവിടം വാഗ്‌ദ്ദാനം ചെയ്യുന്നത്‌. പ്രകൃതിയുടെ ചെറുതും വലുതുമായ ചൂഷണം ചെയ്യപ്പെട്ടതും ചെയ്യപെടാത്തതും ആയ കാഴ്‌ചകളില്‍ ജീവിക്കാനുള്ള അവസരമാണ്‌ സന്ദര്‍ശകര്‍ക്ക്‌ ലഭിക്കുന്നത്‌.

Advertisements

ഇന്ത്യയുടെ കിഴക്ക്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന അരുണാചല്‍ പ്രദേശ്‌ ഉദയ സൂര്യന്റെ ഭൂമിയെന്നാണ്‌ അറിയപ്പെടുന്നത്‌. ഭൂരിഭാഗവും ഹിമാലയന്‍ മലനിരകളാല്‍ മൂടികിടക്കുന്ന പ്രദേശത്തെ സിയാങ്‌, സബാന്‍സിരി, കമേങ്‌, തിരാപ്‌, ലോഹിത്‌ എന്നിങ്ങനെ മൂന്ന്‌ നദീ താഴ്‌വരകളായി വിഭജിച്ചിട്ടുണ്ട്‌. ഈ മനോഹരങ്ങളായ താഴ്‌വരകളെല്ലാം ഇടതൂര്‍ന്ന ഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട്‌ കിടക്കുന്നു.

ഓര്‍ക്കിഡുകളുടെ സ്വര്‍ഗ്ഗം

ഇന്ത്യയുടെ ഓര്‍ക്കിഡ്‌ സ്വര്‍ഗം എന്ന്‌ ശരിയായ അര്‍ത്ഥത്തിലാണ്‌ അരുണാചല്‍ പ്രദേശിനെ വിശേഷിപ്പിക്കുന്നത്‌. അഞ്ഞൂറിലേറെ ഇനത്തിലുള്ള ഓര്‍ക്കിഡുകള്‍ ഇവിടെയുണ്ട്‌. ഇന്ത്യയില്‍ മൊത്തം കാണപ്പെടുന്ന ഓര്‍ക്കിഡുകളുടെ പകുതിയോളം വരുമിത്‌. വംശ നാശ ഭീഷണി നേരിടുന്നവയും അപൂര്‍വ ഇനത്തില്‍ പെടുന്നവയുമായ ഓര്‍ക്കിഡുകള്‍ ഇവിടെയുണ്ട്‌.

അരുണാചല്‍പ്രദേശ്‌ സര്‍ക്കാര്‍ ഓര്‍ക്കിഡ്‌ ഗവേഷണ വികസന കേന്ദ്രം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്‌. ഇറ്റ നഗര്‍, സെസ്സ, തിപി, ഡരാങ്‌, റോയിങ്‌, ജെന്നിങ്‌ എന്നിവിടങ്ങളില്‍ സംസ്ഥാന ഗവേഷണ വന സ്ഥാപനങ്ങളുടെ കീഴില്‍ ഓര്‍ക്കിഡ്‌ കേന്ദ്രങ്ങളുണ്ട്‌. അലങ്കാര ,സങ്കര ഇനങ്ങള്‍ ഇവിടെയുണ്ട്‌. സെസ്സ ഓര്‍ക്കിഡ്‌ സങ്കേതം വൈവിധ്യമാര്‍ന്ന ഓര്‍ക്കിഡ്‌ ഇനങ്ങളുടെ ശേഖരത്താല്‍ പ്രശസ്‌തമാണ്‌.

അരുണാചല്‍ പ്രദേശിലെ സാഹസിക വിനോദ സഞ്ചാരം

എല്ലാ സാഹസിക പ്രേമികള്‍ക്കും ആനന്ദകരമായ അനുഭവമാണ്‌ അരുണാചല്‍ പ്രദേശ്‌ വിനോദ സഞ്ചാരം നല്‍കുന്നത്‌. ട്രക്കിങ്‌, തുഴച്ചില്‍, മീന്‍പിടുത്തം എന്നിവയാണ്‌ ഇവിടുത്തെ മൂന്ന്‌ പ്രധാന സാഹസിക വിനോദങ്ങള്‍.

അരുണാചല്‍ പ്രദേശിലെ നിരവധി സ്ഥലങ്ങള്‍ ട്രക്കിങ്ങിന്‌ അനുയോജ്യമായിട്ടുള്ളവയാണ്‌. ഒക്‌ടബോര്‍ മുതല്‍ മെയ്‌ വരെയുള്ള മാസങ്ങളാണ്‌ ട്രക്കിങിന്‌ അനുയോജ്യം. കമേങ്‌, സുബന്‍സാരി, ഡിബാങ്‌, സിയാങ്‌ നദികളിലാണ്‌ തുഴച്ചിലിനുള്ള സൗകര്യമുള്ളത്‌. ചൂണ്ടയിട്ട്‌ മീന്‍പിടിക്കാന്‍ ഇഷ്‌ടപെടുന്നവര്‍ക്കായി സംസ്ഥാനത്തുടനീളം മീന്‍പിടുത്ത മേളകള്‍ സംഘടിപ്പിക്കാറുണ്ട്‌.

അരുണാചല്‍ പ്രദേശിലെ സംസ്‌കാരവും ജനങ്ങളും

അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ വളരെ ലാളിത്യവും ആതിഥ്യ മര്യാദയും ഉള്ളവരാണ്‌. സംസ്ഥാനത്ത്‌ ഇരുപത്തിലേറെ ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്നുണ്ട്‌. നാട്ടുകാരിലേറെയും അവരുടെ കലകളും സംസ്‌കാരവുമായി ബന്ധമുള്ളവരാണ്‌. അപാതാനി, അക, ബോറി, ഗാലോ, ആദി, താഗിന്‍, നൈഷി എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആദിവാസികള്‍. വിവിധ തരം ഭാഷകള്‍ ഇവിടെ സംസാരിക്കുന്നുണ്ട്‌. വര്‍ഷം മുഴുവന്‍ പാട്ടും നൃത്തവുമായി നിരവധി ഗോത്ര ഉത്സവങ്ങള്‍ ഇവിടെ ആഘോഷിക്കുന്നുണ്ട്‌.

പുതുവര്‍ഷത്തില്‍ നടക്കുന്ന പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ്‌ തവാങിലെ ലോസര്‍ ഉത്സവം. ഡ്രീ ഉത്സവം സോലങ്‌ ഉത്സവം, റെഷ്‌ ഉത്സവം എന്നിവ വളരെ ആഘോഷത്തോടെയാണിവിടെ കൊണ്ടാടുന്നത്‌.

അരുണാചല്‍പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

സംസ്‌കാരം, ജനത, പ്രകൃതി, ഭാഷ എന്നിവ മനസ്സിലാക്കിയുള്ള വര്‍ണാഭമായ യാത്രയാണ്‌ അരുണാചല്‍ പ്രദേശ്‌ വിനോദ സഞ്ചാരം നല്‍കുന്നത്‌. ഇറ്റാനഗര്‍ വന്യജീവി സങ്കേതം, ഇറ്റകോട്ട എന്നിവയാണ്‌ തലസ്ഥാന നഗരമായ ഇറ്റാനഗറിലെ പ്രധാന ആകര്‍ഷണങ്ങള്‍. തവാങ്‌, അലോങ്‌, സിറോ, ബോംബ്‌ദില, പസിഘട്ട്‌ എന്നിവയാണ്‌ അരുണാചല്‍ പ്രദേശിലെ മറ്റ്‌ ആകര്‍ഷണങ്ങള്‍.

അരുണാചല്‍പ്രദേശിലെ കാലാവസ്ഥപ്രകൃതിയ്‌ക്കും

സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരത്തിനുമനുസരിച്ച്‌ അരുണാചല്‍ പ്രദേശിലെ കാലാവസ്ഥ വ്യത്യാസപ്പെട്ടിരിക്കും.ഹിമാലയത്തിന്റെ മുകള്‍ ഭാഗത്ത്‌ ഉത്തര ധ്രുവ മേഖല കാലാവസ്ഥ ആയിരിക്കും. മധ്യഹിമാലയ പ്രദേശത്ത്‌ മിതമായ കാലാവസ്ഥയും ഉപ ഹിമാലയ പ്രദേശത്ത്‌ ഉഷ്‌ണ മേഖല കാലാവസ്ഥയും ആയിരിക്കും അനുഭവപ്പെടുക. മെയ്‌ മുതല്‍ സെപ്‌റ്റംബര്‍ വരെ അരുണാചല്‍ പ്രദേശില്‍ ശക്തമായ മഴ ഉണ്ടാകാറുണ്ട്‌.