KOYILANDY DIARY.COM

The Perfect News Portal

മയ്യഴി വിമോചന സമരസേനാനി മംഗലാട്ട് രാഘവന്‍ അന്തരിച്ചു

മയ്യഴി വിമോചന സമരസേനാനിയും എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാഹിയിലെ ഒക്ടോബര്‍ വിപ്ലവത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു മംഗലാട്ട് രാഘവന്‍. മാഹി മോചനത്തിനുശേഷം പത്രപ്രവര്‍ത്തകനായും ഫ്രഞ്ച് കവിതകളുടെ വിവര്‍ത്തകനായുമാണു മംഗലാട്ട് പ്രവര്‍ത്തിച്ചത്. ഫ്രഞ്ച് കവിതാ വിവര്‍ത്തനത്തിലും താരതമ്യപഠനത്തിലും മുഴുകി.

മയ്യഴി സെന്‍ട്രല്‍ ഫ്രഞ്ച് സ്‌കൂളിലെ വിദ്യാഭ്യാസമായിരുന്നു ഫ്രഞ്ച് അനായാസം കൈകാര്യം ചെയ്യാനുള്ള കൈമുതല്‍. അതിനാല്‍ കവിതകള്‍ മലയാളത്തിലേക്ക് നേരിട്ട് മൊഴിമാറ്റി. ആറുവര്‍ഷത്തെ നിരന്തരപഠനത്തിന്റെ ഫലമാണ് താരതമ്യം കൂടി ഉള്‍പ്പെടുത്തിയുള്ള ‘ഫ്രഞ്ച് കവിതകള്‍’ (1993). ഫ്രഞ്ച് പ്രണയഗീതങ്ങള്‍ (1999), വിക്തര്‍ ഹ്യുഗോവിന്റെ കവിതകള്‍ (2002) എന്നിവയാണ് മറ്റു കൃതികള്‍.

ഇന്ത്യയില്‍ മറ്റേതെങ്കിലും ഭാഷയില്‍ ഇത്രയും സമഗ്രമായ ഫ്രഞ്ച് കാവ്യ വിവര്‍ത്തനമുണ്ടായിട്ടില്ലെന്നായിരുന്നു അഴീക്കോടിൻ്റെ പ്രശംസ. മലയാളത്തിലെ ഫ്രഞ്ച് പദങ്ങള്‍, മലയാളത്തിലെ ബാലഭാഷ, വിക്തര്‍ ഹ്യുഗോവും ബാലാമണിയമ്മയും എന്നിവ മൗലികപഠനങ്ങളില്‍ ചിലതാണ്. ഫ്രഞ്ച് കവിതകള്‍ക്ക് 1994-ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരവും ലഭിച്ചു. പരേതയായ കെ വി ശാന്തയാണ് ഭാര്യ. മക്കള്‍: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജന്‍.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *