KOYILANDY DIARY

The Perfect News Portal

പുതച്ചു മൂടിയിരിക്കുന്ന പച്ചപ്പും കോടമഞ്ഞിൻ്റെ തണുപ്പും ആസ്വദിക്കാന്‍ മലബാറിൻ്റെ സ്വന്തം ഗവി: വയലട സഞ്ചാരികളെ കാത്തിരിക്കുന്നു

സ്‌നേഹത്തിൻ്റെ നാടായ കോഴിക്കോടിൻ്റെ നഗരപ്രദേശങ്ങളില്‍ നിന്നും കുറച്ചൊന്നുമാറി  ബാലുശ്ശേരിക്കടുത്ത്  സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര മേഖലയാണ് വയലട.  ദൃശ്യ ഭംഗിയാലും കോടമഞ്ഞിന്‍ ചാരുതയാലും മറ്റേത് വിനോദസഞ്ചാര മേഖലയോടും കിടപിടിക്കുന്ന ഒന്നാണ് വയലട വ്യൂ പോയിൻ്റ്. “കോഴിക്കോടന്‍ ഗവി” എന്നാണ് വയലട അറിയപ്പെടുന്നത്. 

സഹ്യൻ്റെ മടിത്തട്ടില്‍ ഇങ്ങനെ ഒരു അനുഗ്രഹീത പ്രദേശം ഉള്ളതിനെക്കുറിച്ച് ഭൂരിഭാഗം മലബാറുകാര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. സമുദ്ര നിരപ്പില്‍ നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് വയലട സ്ഥിതി ചെയ്യുന്നത്. ഒരിക്കല്‍ വയലട സന്ദര്‍ശിക്കുന്നവരുടെ മനസ്സില്‍ നിന്നൊരിക്കലും ഇവിടുത്തെ പച്ചപ്പും കോടമഞ്ഞിന്‍ തണുപ്പും മായില്ല. വയലട മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലയാണ് കോട്ടക്കുന്ന് മല. വയലടയ്ക്കുള്ള യാത്രയില്‍ കയറ്റങ്ങള്‍ പതിവാണെങ്കിലും മനോഹരമായ ദൃശ്യങ്ങള്‍ യാത്രയുടെ ഭംഗി വര്‍ദ്ധിപ്പിക്കും. വാഹനമിറങ്ങി കുറച്ച് കാല്‍നടയായി കയറാനുമുണ്ട് വ്യൂ പോയിന്റ് എത്താന്‍. വലിയ പാറകളും അവ കൈചൂണ്ടുന്ന കക്കയം റിസര്‍വോയറിലെ വെള്ളവും അതിനുചുറ്റുമുള്ള ഹരിതാഭമായ മേഖലയും തൊട്ടടുത്ത പ്രദേശമായ കൂരാച്ചുണ്ടിന്റെ ആകാശക്കാഴ്ച്ചയും സഞ്ചാരികള്‍ക്ക് ദൃശ്യാനുഭൂതിയുടെ മറ്റൊരു തലം സമ്മാനിക്കുന്നു.

വയലടയെ പുതച്ചു മൂടിയിരിക്കുന്ന പച്ചപ്പും കോടമഞ്ഞിൻ്റെ തണുപ്പും ആസ്വദിക്കാന്‍  രാവിലെയോ വൈകുന്നേരങ്ങളില്ലോ ഇവിടെ സന്ദര്‍ശിക്കുന്നതാണ്  ഉത്തമം. കോഴിക്കോട് നിന്നും  ബാലുശ്ശേരി വഴിയും താമശ്ശേരി-എസ്‌റ്റേറ്റ് മുക്ക് വഴിയും വയലട വ്യൂ പോയിൻ്റി ലേക്ക് എത്തിച്ചേരാവുന്നതാണ്. മണ്‍സൂണ്‍ കാലങ്ങളില്‍ കോടമഞ്ഞിൻ്റെ സാന്നിധ്യം അകലെയുള്ള കാഴ്ച്ചകളെ മറയ്ക്കുമെങ്കിലും കാലാവസ്ഥയുടെ ആകര്‍ഷണീയത മികച്ച അനുഭൂതിയാണ് ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *