KOYILANDY DIARY

The Perfect News Portal

ട്വന്റി20 ലോകകപ്പ് ടീമിലെത്തിയിട്ടും അജിന്‍കെ രഹാനെയ്ക്ക് കഷ്ടകാലം തീരുന്നില്ല

മുംബൈ: ട്വന്റി20 ലോകകപ്പിലുള്ള ടീമില്‍ എത്തിയിട്ടും മുംബൈക്കാരന്‍ അജിന്‍കെ രഹാനെയുടെ കഷ്ടകാലം തീരുന്നില്ല. കാരണം പ്ലേയിങ് ഇലവനില്‍ എത്താനുള്ള സാധ്യത രഹാനെയ്ക്ക് കുറവാണ് എന്നതുതന്നെ. ഇപ്പോഴത്തെ ടീമില്‍ രഹാനെയെ എവിടെ കളിപ്പിക്കുമെന്നാണ് ക്യാപ്റ്റന്‍ ധോണിയെ ഇരുത്തി ചിന്തിപ്പിക്കുന്നത്.

ടീമില്‍ എത്തിയപ്പോഴൊക്കെ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള കളിക്കാരനാണ് രഹാനെ. എന്നാല്‍ ടീമില്‍ സ്ഥിരാംഗമാകാന്‍ താരത്തിന് ഇതുവരേയും സാധിച്ചിട്ടില്ല. ഏതെങ്കിലും കളിക്കാരന്റെ പരിക്കോ ഫോമില്ലായ്മയോ ആണ് രഹാനെയ്ക്ക് ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ തുറക്കാന്‍ ഇടയാക്കുന്നത്.

അടുത്തമാസം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പില്‍ രഹാനെ ടീമിലെത്തിയെങ്കിലും കളിക്കാന്‍ ഗ്രൗണ്ടില്‍ ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Advertisements

ഇപ്പോഴത്തെ ടീമില്‍ രഹാനെയെ എവിടെ കളിപ്പിക്കും. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ഇറങ്ങും. വണ്‍ഡൗണായി ഉജ്വല ഫോമില്‍ കളിക്കുന്ന വിരാട് കോലിയും. തൊട്ടുപിന്നാലെ ട്വന്റി20യിലെ സ്പെഷ്യലിസ്റ്റ് സുരേഷ് റെയ്ന. ഇവര്‍ക്കിടയില്‍ രഹാനയെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നാണ് ധോണിയുടെ ചോദ്യം.

ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ്മ ഓപ്പണിങ് കൂട്ടുകെട്ട് പരാജയപ്പെട്ടാല്‍ മാറ്റി പരീക്ഷിക്കാമെന്ന ഉദ്ദേശത്തിലാണ് രഹാനയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ നിലവില്‍ മിന്നും ഫോമില്‍ കളിക്കുന്ന ധവാന്‍- രോഹിത് സഖ്യത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നത് രഹാനെയ്ക്ക് തിരിച്ചടിയാണ്.

രഹാനയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ധോണി തന്നെയായിരുന്നു. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ധോണിയുടെ നിര്‍ദേശം.

രഹാനെ മികച്ച ബാറ്റ്സ്മാനാണ്. എന്നാല്‍ നിങ്ങള്‍ നോക്കൂ ലോകകപ്പ് പോലുള്ള മത്സരത്തില്‍ ഏറ്റവും മികച്ച പ്ലേയിങ് ഇലവനെ തന്നെ വേണം കളത്തിലിറക്കാന്‍. എന്നാണ് ധോണിയുടെ മറുപടി. മാര്‍ച്ച്‌ എട്ടിനാണ് ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയിലെ ഏഴ് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.