KOYILANDY DIARY

The Perfect News Portal

ഊട്ടി: മലകളുടെ റാണി

തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്. വര്‍ഷംതോറും ഊട്ടിയുടെ സൌന്ദര്യം നുകരാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ സൌകര്യത്തിന് വേണ്ടിയാണ് ഊട്ടിയെന്ന സരള നാമം കൈകൊണ്ടത്.

മഞ്ഞിന്റെ ശിരോവസ്ത്രമണിഞ്ഞ് നില്ക്കുന്ന നീലഗിരിക്കുന്നുകളുടെ പശ്ചാതലമാണ് ഊട്ടിയെ ഇത്ര സുന്ദരമാക്കുന്നത്. നീലമലകള്‍ എന്നും ഇവയ്ക്ക് പേരുണ്ട്. 12 വര്‍ഷത്തിലൊരിയ്ക്കല്‍  മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളാവാം ഈ സ്ഥലനാമത്തിന് കാരണം. മലനിരകളെയാകെ നീലനിറത്തില്‍ മുക്കുന്ന ഈ പുഷ്പോത്സവം കാണാന്‍ വിദൂരങ്ങളില്‍  നിന്ന് പോലും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഇവിടമാകെ സമൃദ്ധമായി കാണപ്പെടുന്ന യൂക്കാലിപ്സ് മരങ്ങളില്‍  നിന്ന് പ്രസരിക്കുന്ന നീലനിറത്തിലുള്ള പുകയാണ് മലനിരകള്‍ക്ക് നീലനിറം നല്കുന്നതെന്നാണ് ആളുകള്‍ പറയുന്നത്.

ഊട്ടിയുടെ പൂര്‍വ്വചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന ആധികാരികമായ രേഖകളോ പ്രമാണങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. എറെ ജനപ്രീതിയാര്‍ജ്ജിച്ച ഈ കൊച്ച് പട്ടണം മുമ്പ് ഏതെങ്കിലും സാമ്രാജ്യങ്ങളുടേയോ വംശാവലിയുടേയോ ഭാഗമായിരുന്നോ എന്ന് വ്യക്തമല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍  ഈ പ്രദേശമാകെ അടക്കിഭരിച്ച ഈസ്റ്റിന്ത്യാകമ്പനിയുടെ ആവിര്‍ഭാവത്തിന് മുമ്പെ ഇവിടെ വസിച്ചിരുന്ന ടോഡ ആദിവാസികളിലാണ് ചരിത്രം ചെന്ന് വഴിമുട്ടുന്നത്.

Advertisements

അധിനിവേശ പാരമ്പര്യം

ബ്രിട്ടീഷ് സംസ്ക്കാരത്തിന്റെയും വാസ്തുശൈലിയുടെയും ഒരു സ്പര്‍ശം ഇവിടെ ദൃശ്യമാണ്. മനോഹരമായ ഒരു ഇംഗ്ലീഷ്  ഗ്രാമത്തെ അനുസ്മരിപ്പിക്കുന്നതാണ് ഊട്ടിയുടെ രൂപഘടന. ഈ പട്ടണത്തിന്റെ പ്രധാന വരുമാനങ്ങളിലൊന്നാണ് ടൂറിസം. ബ്രിട്ടീഷുകാര്‍ക്ക് ദക്ഷിണേന്ത്യയിലെ മറ്റുപട്ടണങ്ങളിലെ ചൂടും ആവിയും അസഹ്യമായിരുന്നു. ഊട്ടിയിലെ സുഖദായകമായ കാലാവസ്ഥയും പ്രകൃതിഭംഗിയും അവരെ കുറച്ചൊന്നുമല്ല ഉന്മാദരാക്കിയത്.’മലകളുടെ റാണി’ എന്ന് അവര്‍ ഊട്ടിയെ വിശേഷിപ്പിച്ചത് വെറുതെയല്ല.

ഒളിച്ചുവെച്ച നിധി കണ്ടെത്തിയത് പോലെയാണ് ബ്രിട്ടീഷുകാര്‍ ഊട്ടിയെ കരുതിയത്. ഈ പട്ടണത്തിനോടുള്ള അഭിനിവേശം കൊണ്ടാവാം ഇതിനടുത്ത പ്രദേശമായ വെല്ലിങ്ടണില്‍  മദ്രാസ് റെജിമെന്റ് അവര്‍ സ്ഥാപിച്ചു. പരിക്ക് പറ്റിയവരും അസുഖം ബാധിച്ചവരുമായ പട്ടാളക്കാരെ ഇവിടെയാണ് ചികിത്സിക്കുന്നത്. ഇന്നും മദ്രാസ് റെജിമെന്റിന്റെ ആസ്ഥാനമാണ് ഊട്ടിയ്ക്കടുത്തുള്ള വെല്ലിങ്ടണ്‍ പട്ടണം. ചൂട്കാലത്തും വാരാന്ത്യങ്ങളിലും ബ്രിട്ടീഷുകാര്‍ തങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്ന ഇടം എന്ന നിലയില്‍  ഇതിന്റെ കീര്‍ത്തി വ്യാപിച്ചു. മദ്രാസ് പ്രസിഡന്‍സിയുടെ വേനല്‍ കാല തലസ്ഥാനമായി ഊട്ടിക്ക് വിശിഷ്ടാംഗത്വവും ലഭിച്ചു.

ഊട്ടിയുടെ വികസനത്തിന് തങ്ങളാലാവുന്നതെല്ലാം ബ്രിട്ടീഷുകാര്‍ ചെയ്തു. തേയില, തേക്ക്, സിങ്കോണ എന്നിവയുടെ ചെടികള്‍ വെച്ച് പിടിപ്പിച്ചു. ഊട്ടിയുടെ കാലാവസ്ഥയും വളക്കൂറുള്ള മണ്ണും ഈ കൃഷികളെ എറെ സഹായിച്ചു. ടൂറിസത്തിന് പുറമെ കൃഷിയും ഈ പട്ടണത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ്. ഊട്ടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് കുന്നിന്മേടുകളില്‍  പരന്ന് കിടക്കുന്ന

തേയില, കാപ്പി തോട്ടങ്ങള്‍ എമ്പാടും കാണാം. പേര്കേട്ട ഒരുപാട് എസ്റ്റേറ്റുകളും ഇവിടെയുണ്ട്. ഇവിടത്തുകാരുടെ പ്രധാന ആശ്രയമാണ് തോട്ടകൃഷി.

കൈമോശം വന്ന ചരിത്രം

മണ്‍മറഞ്ഞ ഏതോ യുഗത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നതാണ് ഊട്ടിയിലെ കാഴ്ചകള്‍. ഇന്നും നഷ്ടമാവാതെ നിലനില്ക്കുന്ന പ്രാചീനഭംഗി ഇവിടെയുള്ള കെട്ടിടങ്ങളിലെ തച്ചുശാസ്ത്രങ്ങളില്‍  കാണാം. ഊട്ടിയ്ക്ക് പറയാന്‍ പഴമയുടെ കഥകളൊന്നുമില്ല. ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ് അതിന്റെ വളര്‍ച്ചയുടെ ആരംഭം. എന്നിരുന്നാലും, തനിക്ക് നഷ്ടമായ ചരിത്ര പാരമ്പര്യങ്ങളുടെ കുറവ് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ കൊണ്ട് ഊട്ടി ഭംഗിയായി പരിഹരിച്ചിട്ടുണ്ട്.

ഈ സുന്ദരഭൂമിയുടെ പുതിയ ചരിത്രം ബ്രിട്ടീഷുകാരുടെ അധിനിവേശത്തോടൊപ്പമാണ് തുടങ്ങുന്നത്. ഊട്ടിയിലെത്തുന്ന ആര്‍ക്കും ഇവിടത്തെ ആഴത്തിലുള്ള ആംഗലേയ സ്വാധീനം അനുഭവമാകും. കെട്ടിട നിര്‍മ്മാണങ്ങളില്‍  അനുവര്‍ത്തിച്ചിട്ടുള്ള കലയും വാസ്തുശൈലിയും വീടുകളുടെ രൂപകല്പനയും പ്രത്യേക രീതികളും ബ്രിട്ടീഷ് കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്.

മതവിശ്വാസങ്ങളെ കണക്കിലെടുക്കാതെ തദ്ദേശവാസികളുടെ ജീവിതരീതികളില്‍  പ്രതിഫലിക്കുന്ന ബ്രിട്ടീഷ് സ്വാധീനം പാചകങ്ങളില്‍  വരെ പ്രകടമാണ്. ഇംഗ്ലീഷ് ഔഷധ സസ്യങ്ങളും ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് രുചിയൂറുന്ന ഭക്ഷണങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കിട്ടും. ഇവിടത്തെ കഠിനാദ്ധ്വാനികളായ ദേശവാസികള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രയത്നിച്ചതിന്റെ ഫലമാണ് ഊട്ടിയുടെ ഇന്നത്തെ ഐശ്വര്യസമൃദ്ധി. സാംസ്ക്കാരിക വൈവിദ്ധ്യം ഇത്രയേറെ അവകാശപ്പെടുന്ന ഊട്ടിക്ക് പൂര്‍വ്വചരിത്രം ഇല്ല എന്ന് പറയുന്നത് അനീതിയാണ്.

ബൊട്ടാണിക്കല്‍  ഗാര്‍ഡന്‍, ദോഡബേട്ട കൊടുമുടി, ഊട്ടി തടാകം, കല്‍ഹാത്തി വെള്ളച്ചാട്ടം, ഫ്ളവര്‍ ഷോ എന്നിവ സന്ദര്‍ശകരുടെ കണ്ണും മനസ്സും കവരുന്ന ഇവിടത്തെ അനേകം കാഴ്ചകളില്‍  ചിലത് മാത്രമാണ്.

റോഡ് മാര്‍ഗ്ഗവും ട്രെയിനുകള്‍ മുഖേനയും ഇവിടെ അനായാസം എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂരാണ്.

വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥയാണ് ഊട്ടിയില്‍  അനുഭവപ്പെടുക. തണുപ്പ് കാലങ്ങള്‍ ദക്ഷിണേന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് അല്പം തണുപ്പ് കൂടിയതായിരിക്കും.