KOYILANDY DIARY

The Perfect News Portal

സപ്തര്‍ഷികള്‍ വസിക്കുന്ന മനാലി

മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മനാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാഗ് വാലി, റോതാഗ് പാസ്‌, ബിയാസ് നദി എന്നിവയാണ് മനാലി യാത്രയില്‍ സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പാന്ഥോ ധാം, ചന്ദ്രകാനി പാസ്, രഘുനാഥ ക്ഷേത്രം, ജഗന്നഥി ദേവീക്ഷേത്രം എന്നിവയും മനാലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളാണ്.

1533 ലാണ് ഹഡിംബ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ഹിന്ദു പുരാണത്തിലെ ഹിഡുംബന്‍ എന്ന അസുരന്റെ പെങ്ങളായിരുന്നു ഹഡിംബ എന്നാണ് വിശ്വാസം. 300 മീറ്റര്‍ സ്‌കൈ ലിഫ്‌ററിംഗിന് പേരുകേട്ട് സോലാംഗ് വാലിയാണ് മനാലിയിലെ പേരുകേട്ട മറ്റൊരാകര്‍ഷണം. ഇവിടെ വര്‍ഷം തോറും നടക്കുന്ന വിന്റര്‍ സ്‌കൈയിംഗ് ഫെസ്റ്റിവല്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണ് റോതാംഗ് പാസ്.

വ്യാസമഹര്‍ഷി സ്‌നാനം ചെയ്തത് എന്നുകരുതപ്പെടുന്ന ഋഷികുണ്ഡാണ് മനാലിയില്‍ കാണാതെ പേകരുതാത്ത ഒരു ആകര്‍ഷണം. പാപനാശിനിയായാണ് വിശ്വാസികള്‍ ഋഷികുണ്ഡിനെ കാണുന്നത്. മനാലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠ ഗ്രാമം, ഐതിഹ്യമനുസരിച്ച് രാമസോദരനായ ലക്ഷ്മണനാണ് ഇവിടത്തെ ചുടുനീരുറവ സൃഷ്ടിച്ചത്. കാലഗുരുവും രാമക്ഷേത്രവുമാണ് ഇവിടത്തെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. പ്രകൃതിയും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്. 300 ലധികം പക്ഷിവര്‍ഗങ്ങളും 30 ലധികം ജന്തുവര്‍ഗങ്ങളും ഇവിടെയുണ്ട്.

Advertisements

മനാലിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് ജഗന്നാഥി ദേവിക്ഷേത്രം. മഹാവിഷ്ണുവിന്റെ സഹോദരിയായ ഭുവനേശ്വരി ആണ് ഇവിടത്തെ പ്രതിഷ്ഠ. 1500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലമ്പാതയിലൂടെ 90 മിനിറ്റ് നടന്നാല്‍ മാത്രമേ ഈ ക്ഷേത്രത്തില്‍ എത്താന്‍ കഴിയൂ. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ദുര്‍ഗാദേവിയുടെ വിവിധ രൂപഭാവങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. രഘുനാഥ ക്ഷേത്രമാണ് മനാലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണം.

തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല, സാഹസികരായ സഞ്ചാരികള്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് മനാലിയില്‍. മലകയറ്റവും, മൗണ്ടന്‍ ബൈക്കിംഗും, ട്രക്കിംഗും, സ്‌കീയിംഗും പാരാ്ഗലൈഡിംഗും ഒക്കെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങള്‍. ദിയോ തിബ്ബ ബേസ് ക്യാംപ്, പിന്‍ പാര്‍വതി പാസ്, ബിയാസ് കുണ്ഡ്‌, എസ് എ ആര്‍ പാസ്, ചന്ദ്രഖനി, ബാല്‍ താല്‍ ലേക്ക് എന്നിങ്ങനെ പോകുന്നു മനാലിയിലെ പ്രമുഖ ട്രക്കിഗ്‌ കേന്ദ്രങ്ങള്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അനുയോജ്യം.

വിമാന, ട്രെയിന്‍, റോഡ് മാര്‍ഗങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് മനാലി. മനാലിക്ക് 50 കിലോമീറ്റര്‍ ദൂരത്താണ് ബുണ്ടാര്‍ എയര്‍പോര്‍ട്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ ഡൊമസ്റ്റിക് വിമാനത്താവളത്തിലേക്ക് സര്‍വ്വീസുകളുണ്ട്. ജോഗീന്ദര്‍ നഗറാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. 165 കിലോമീറ്റര്‍ ദൂരത്താണിത്. ഹിമാചല്‍ പ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ബസ്സുകള്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാനായി ലഭ്യമാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളാണ് മനാലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.