KOYILANDY DIARY

The Perfect News Portal

കോടികളെവിടെ.. വോട്ട്‌ വിറ്റതെന്തിന്‌? സുരേന്ദ്രനും മുരളീധരനും വിയര്‍ക്കുന്നു

കോഴിക്കോട് : 14 കോടിയും പോയി വോട്ടും വിറ്റ് നേതാക്കള്‍.. ഇവരെ സംരക്ഷിക്കരുത്. ബിജെപിയില്‍ ഗ്രൂപ്പുകള്‍ക്കതീതമായി ശക്തമാകുന്ന പ്രചാരണമാണിത്. കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും ലക്ഷ്യമിട്ടാണ് വോട്ടുകച്ചവടം, ഫണ്ട് തട്ടല്‍ ആരോപണങ്ങള്‍. ‘14 കോടിയുടെ ഫണ്ടെവിടെ നേതാക്കളേ’ എന്ന ചോദ്യവുമായി സൈബറിടങ്ങളില്‍ ശക്തമായ ആരോപണമാണുയരുന്നത്. മുരളീധരന്റെയും സുരേന്ദ്രന്റെയും ചിത്രങ്ങള്‍ സഹിതമാണ് ആരോപണം. സമൂഹമാധ്യമങ്ങളിലെ ആരോപണയുദ്ധത്തില്‍ ആര്‍എസ്‌എസിലെ ഒരുവിഭാഗവും പങ്കാളികളാണ്.

കൊടകരയിലെ കുഴല്‍പ്പണകവര്‍ച്ചയും ഹെലികോപ്റ്ററിലെ പറക്കലും കോര്‍കമ്മിറ്റിയും ദേശീയ നേതാക്കളുമറിയുന്നില്ലേ എന്ന ചോദ്യമാണ് പ്രധാനം. സുരേന്ദ്രനും മുരളീധരനും ധൂര്‍ത്തരും മുടിയന്മാരുമായ നേതാക്കളാണ്. ധാര്‍ഷ്ട്യവും ധിക്കാരവുമാര്‍ന്ന ഇവരുടെ ശൈലി സംഘപരിവാരമുയര്‍ത്തുന്ന ‘രാജനൈതിക രാഷ്ട്രീയ’ത്തിന് കളങ്കമാണെന്ന വിമര്‍ശനവും പങ്കിടുന്നു. ‘‘എതിരാളികളെ നിരന്തരം ഇവര്‍ ആക്ഷേപിക്കുന്നു. നല്ലത്. എന്നാല്‍ ഇടക്കെങ്കിലും കണ്ണാടി നോക്കൂ നേതാക്കളേ ’’ എന്നാണ് പരിഹാസം.

തെരഞ്ഞെടുപ്പിന് കേന്ദ്രനേതൃത്വം എത്ര ഫണ്ട് തന്നുവെന്ന് വെളിപ്പെടുത്തുമോ എന്ന വെല്ലുവിളിയും ചിലര്‍ ഉയര്‍ത്തുന്നു. സൈബറിടത്തിലുയര്‍ന്ന പരിഹാസത്തിന്റെ ചുവടുപിടച്ച്‌ മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍, ആര്‍എസ്‌എസ് നേതാവ് ഇ എന്‍ നന്ദകുമാര്‍ എന്നിവരും രംഗത്തെത്തിയതോടെ സുരേന്ദ്ര–-മുരളീധര ചേരി പാര്‍ടിയില്‍ പ്രതിക്കൂട്ടിലായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *