KOYILANDY DIARY

The Perfect News Portal

കേരളത്തില്‍ ഇനി ബിജെപി 
വെളിച്ചം കാണില്ല: ഹെലികോപ്ടര്‍ യാത്ര തിരിച്ചടിച്ചു: സി കെ പത്മനാഭന്‍

കേരളത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതായും ഹെലികോപ്ടർ യാത്ര തിരിച്ചടിയായെന്നും മുന്‍ സംസ്ഥാന പ്രസിഡണ്ടും ധര്‍മടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന സി കെ പത്മനാഭന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായില്ലെന്നുമാത്രമല്ല, തിരിച്ചടിയുമുണ്ടായി. പരാജയത്തെക്കുറിച്ച്‌ നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്തണമെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് കൂടിയാലോചനയില്ലാതെയാണ്. ഈ പരീക്ഷണം പരാജയപ്പെട്ടു. ഉത്തരേന്ത്യയിലേതുപോലെ ഹെലികോപ്ടര്‍ രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ല. കിട്ടിയ വോട്ടിന് സിന്ദാബാദ് വിളിക്കുന്ന പരിപാടിയുമായി മുന്നോട്ടുപോകാനാവില്ല.

തുടര്‍ഭരണമെന്നത് കേരളജനത താലോലിച്ച സ്വപ്നമാണ്. ഈ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് പിണറായി വിജയന് ജനം ഉറച്ച പിന്തുണ നല്‍കി. പിണറായി ചെയ്ത നല്ലതെല്ലാം തിരസ്കരിച്ച്‌ പ്രതിപക്ഷം കുറ്റംമാത്രം തെരഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളം കാര്യക്ഷമത കാട്ടി. പിണറായി ഭരണത്തില്‍ തുടരുന്നതില്‍ ഒരുതെറ്റും കാണുന്നില്ല.

Advertisements

പല കോണുകളില്‍നിന്ന് അതിശക്തമായ എതിര്‍പ്പുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നെഞ്ചുവിരിച്ചാണ് നേരിട്ടത്. ഭംഗിവാക്കുകൂടാതെ പറയേണ്ട കാര്യങ്ങള്‍ കൃത്യമായി പറയുകയും പ്രവര്‍ത്തിക്കുകയുംചെയ്യുന്ന നേതാവാണ് പിണറായി. ഇപ്പോഴല്ല, മുമ്പും അങ്ങനെയാണ്. പിണറായിയുടെ വ്യക്തിപ്രഭാവം എല്‍ഡിഎഫ് തുടര്‍ ഭരണത്തെ ഏറെ സഹായിച്ചിട്ടുണ്ടെന്നും സി കെ പത്മനാഭന്‍ പറഞ്ഞു.

അബ്ദുള്ളക്കുട്ടി ഗുണമായില്ല
എ പി അബ്ദുള്ളക്കുട്ടി വന്നതുകൊണ്ട് ബിജെപിക്ക് ഗുണമൊന്നുമുണ്ടായില്ല. പുതിയവര്‍ വരുമ്ബോള്‍ അവരുടെ മുന്‍കാല ചരിത്രം നോക്കണം. അവര്‍ക്ക് സ്ഥാനം നല്‍കുന്നത് പ്രവര്‍ത്തകരെ അപമാനിക്കലാണ്. പ്രവര്‍ത്തകരെ കൂടെനിര്‍ത്തിയാലേ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകൂ. പാര്‍ടിയുടെ നട്ടെല്ലായ പ്രവര്‍ത്തകര്‍ക്ക് മാന്യതയും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *