ഒമ്പതാമത് കേസരി നായനാർ പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക്

കണ്ണൂർ ജില്ലയിലെ കലാ-സാംസ്‌കാരിക സംഘടനയായ ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ കേസരി നായനാർ പുരസ്‌കാരം നാടക ചലചിത്ര നടി നിലമ്പൂർ ആയിഷയ്ക്ക്. മലയാളത്തിലെ ആദ്യ കഥാകൃത്തും നിയമസഭാ സാമാജികനും സാമൂഹ്യ പരിഷ്‌കരണവാദിയുമായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്‌മരണയ്ക്ക് 2014 മുതൽ നൽകി വരുന്നതാണ് കേസരി നായനാർ പുരസ്കാരം. ഇപി രാജഗോപാലൻ, കരിവെള്ളൂർ മുരളി, ഡോ. ജിനേഷ്‌കുമാർ എരമം എന്നിവരാണ് ജൂറി അംഗങ്ങൾ.
.

ഏഴു പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ അഭിനയ ജീവിതത്തിലൂടെ മലയാള നാടകവേദിയെ ശക്തമാക്കുകയും ശ്രദ്ധേയമാക്കുകയും ചെയ്‌ത പെൺകരുത്തിന്‍റെ എക്കാലത്തേയും വലിയ പ്രതീകമാണ് നിലമ്പൂർ ആയിഷ എന്ന് ജൂറി അഭിപ്രായപ്പെട്ടു. കേരളത്തിന്‍റെ വീരപുത്രി എന്നറിയപ്പെടുന്ന നിലമ്പൂർ ആയിഷ സാമൂഹ്യ പ്രവർത്തനങ്ങളിലും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.

ഇരുപത്തയ്യായിരം രൂപ കാഷ് അവാർഡും ശില്പവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് കേസരി നായനാർ പുരസ്ക്‌കാരം. 2024 ഡിസംബർ ആദ്യവാരം മാതമംഗലത്ത് വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം വിതരണം ചെയ്യും. ഇ സന്തോഷ് കുമാർ (കഥ), ടിഡി രാമകൃഷ്‌ണൻ (നോവൽ), എംജി രാധാകൃഷ്‌ണൻ (മാധ്യമം), കെ സച്ചിദാനന്ദൻ (കവിത), സുനിൽ പി ഇളയിടം (പ്രഭാഷണം), ഇപി രാജഗോപാലൻ (നിരൂപണ സാഹിത്യം), ടി പത്മനാഭൻ (കഥ), കെ കെ ഷാഹിന (മാധ്യമം) എന്നിവർക്കാണ് ഇതിനു മുൻപ് കേസരി നായനാർ പുരസ്‌കാരം ലഭിച്ചത്. പത്രസമ്മേളനത്തിൽ ജൂറി അംഗങ്ങളായ ഇപി രാജഗോപാലൻ, ഡോ. ജിനേഷ്‌കുമാർ എരമം, പുരസ്‌കാര സമിതി ചെയർമാൻ സി സത്യപാലൻ കൺവീനർ സുനുകുമാർ കെവി ഫെയ്‌സ് സെക്രട്ടറി പി ദാമോദരൻ എന്നിവർ പങ്കെടുത്തു.

