KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കോവിഡ് സൂപ്പർ സ്പ്രെഡിംഗിലേക്കോ?.

കൊയിലാണ്ടി: കൈപ്പിടിയിലൊതുങ്ങാതെ കോവിഡ് താണ്ഡവമാടുന്ന കൊയിലാണ്ടിയിൽ സ്ഥിതി അതീവ ഗുരുതരം. സർക്കാറിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം മേഖലയിൽ ഇന്ന് 121 രേഖപ്പെടുത്തിയിട്ടുണ്ടങ്കിലും അതിലും കൂടുതലാണ് പോസിറ്റീവ് നിരക്ക് എന്ന് വ്യക്തം. ഇതും 15-ാം തിയ്യതി ടെസ്റ്റ് നടത്തിയവരുടെ റിസൽട്ടാണ് ഇന്ന് കൂടുതലും വന്നിട്ടുള്ളത്. 16, 17 തിയ്യതികളിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയുടെ റിസൽട്ട് ഇതുവരെയും വന്നിട്ടില്ല. ചില സ്വകാര്യ ലാബുകളിൽ ചെയ്ത ചുരുക്കം ചില റിസൽട്ടുകൾ മാത്രമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. സാധരണയായി നടത്തുന്ന ആർ.ടി.പി.സി.ആർ. ടെസ്റ്റുകളുടെ എണ്ണം 10 മടങ്ങായി വർദ്ധിപ്പിച്ചതോടെയാണ് ഇപ്പോൾ റിസൽട്ട് കിട്ടാൻ വൈകുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ഇന്നലെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആരോഗ്യ വകുപ്പ് മെഗാ ക്യാമ്പ് പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി താലൂക്കാശുപത്രിയിൽ മറ്റ് രോഗത്തിന് ചികിത്സ തേടിയെത്തിയ 410 പേരെ ആൻ്റജൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിൽ 51 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇന്ന് നടത്തിയ 29 ആൻ്റിജൻ പരിശോധനയിൽ 7 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചരിക്കുകയാണ്. നിരീക്ഷണത്തിലില്ലാത്തവർക്കിടയിൽ നടത്തുന്ന ഇത്തരം ടെസ്റ്റുകളിൽ പോസിറ്റീവിറ്റി നിരക്കിൽ വർദ്ധന കാണിക്കുന്നത് കൊയിലാണ്ടി സൂപ്പർ സ്പ്രെഡിംഗിലേക്ക് പോകുമോ എന്ന ആശങ്ക ഉയരുകയാണ്.

ജില്ലാ ദുരന്തനിവാരണ ചെയർമാൻ ഇന്ന് പുറത്ത് വിട്ട കണക്ക് പ്രകാരം കോഴിക്കോട് കോർപ്പറേഷൻ, കൊയിലാണ്ടി, കുരുവട്ടൂർ ക്ലസ്റ്ററുകളാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മേഖലയിലായി കാണിച്ചിട്ടുള്ളത്. ജില്ലയിൽ 22.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് രേഖപ്പെടുത്തിയതെങ്കിൽ കൊയിലാണ്ടിയിൽ 25ന് മുകളിൽ വരും എന്നാണ് പ്രാദേശിക കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കൊയിലാണ്ടി നഗരസഭയിൽ നിലവിൽ 24-ാം വാർഡാണ് നിലവിൽ മൈക്ര കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. എന്നാൽ അതിലേറെ വാർഡുകൾ രൂക്ഷമായ കോവിഡ് ഭീഷണി നേരിടുന്നുണ്ട്.

Advertisements

നഗരസഭയിലെ 12-ാം വാർഡിൽ ഒരാഴ്ചക്കുള്ളിൽ 32 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 100ൽ അധികം ആളുകൾ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവിടെ അടിയന്തരമായി കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിക്കാൻ സാധ്യത കൂടുതലാണ്. കൊയിലാണ്ടി ഹാർബർ, മാർക്കറ്റ് ഉൾപ്പെടെയുള്ള തിരക്കുള്ള സ്ഥലങ്ങളിൽ ഇതുവരെയും കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തത് കോവിഡ് തീപടരുംപോലെ പടർന്ന്പിടിക്കും എന്നാണ് പൊതു വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *