KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ 12-ാം വാർഡിൽ കോവിഡ് വ്യാപനം രൂക്ഷം

കൊയിലാണ്ടി നഗരസഭ 12-ാം വാർഡിൽ കോവിഡ് വ്യാപനം രൂക്ഷം. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശം പുത്തലത്ത് കുന്ന് ഉൾപ്പെടെ ഗേൾസ് സ്‌കൂൾ പന്തലായനി കേളുഏട്ടൻ മന്ദിരം വരെയുള്ള പ്രദേശങ്ങളിൽ രോഗം അതിവേഗം പടർന്ന് പിടിക്കുകയാണ്. ഇന്നലെവരെ വാർഡിൽ 32 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 100ൽ അധികം ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. വാർഡിലെ ടെസ്റ്റ് പോസീറ്റീവ് നിരക്ക് വലിയതോതിൽ ഉയർന്നിരിക്കുന്നതും ഗർഭിണികൾ ഉൾപ്പെടെ രോഗികളായതോടെ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പുത്തലത്ത് കുന്നും പരിസര പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയിലാണ് ഇത്രയേറെ പോസിറ്റീവ് കേസുകൾ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ ടെസ്റ്റ് നടത്തിയിട്ടുള്ള 25ഓളം ആളുകളുടെ റിപ്പോർട്ട് ഇനിയും പുറത്ത് വരാനുണ്ട്. നാളയും മറ്റന്നാളുമായി കൂടുതൽ പേർക്ക് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം വളരെ കരുതലോടെയാണ് ഇവിടുത്തെ കാര്യങ്ങൾ നിരീക്ഷിക്കുന്നത്. നിയന്ത്രണം കർശനമാക്കുന്നതിനും വാർഡ് മൈക്രോ കണ്ടെയിൻമെന്റ് സോണാക്കുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഉടൻതന്നെ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങുമെന്നാണ് അറിയുന്നത്. നഗരസഭ കൌൺസിലർ പ്രജിഷ പി.യുടെ നേതൃത്വത്തിൽ ആർ.ആർ.ടി. ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. തൊട്ടടുത്തുള്ള 14, 15 വാർഡുകളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ നിരവധി പേർ നിരീക്ഷണത്തിൽ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *