KOYILANDY DIARY.COM

The Perfect News Portal

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി 750 കോടി രൂപ; പ്രഖ്യാപനവുമായി ധനമന്ത്രി

നാടിനെ നടുക്കിയ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യഘട്ട പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ ആകെ 1202 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. കേന്ദ്രബജറ്റില്‍ യാതൊരു പ്രഖ്യാപനവുമുണ്ടാകാത്ത പശ്ചാത്തലത്തില്‍ മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി സംസ്ഥാന ബജറ്റില്‍ എത്ര കോടി രൂപ നീക്കിവയ്ക്കുമെന്നത് നിര്‍ണായകമായിരുന്നു. 

പ്രകൃതി പ്രതിഭാസങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ പ്രത്യേക കരുതല്‍ കാണിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനും മേഖലയുടെ പുനര്‍നിര്‍മാണത്തിനും 2221 കോടി രൂപ ആവശ്യമായി വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കേന്ദ്ര ബജറ്റില്‍ കേരളം യാതൊരു സഹായവും അനുവദിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളോട് കാണിച്ച നീതി കേരളത്തോട് കേന്ദ്രം കാണിക്കുമെന്ന് തന്നെയാണ് ഇപ്പോഴും സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിലുള്ള നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ധനമന്ത്രി പറഞ്ഞു.

 

കേരളം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. കേരളം ടേക്ക് ഓഫിന് തയ്യാറാണ്. കേരളം അതിവേഗ വളര്‍ച്ചാ പാതയിലാണെന്നും കേരള സമ്പദ്ഘടനയും അതിവേഗ വളര്‍ച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി. പശ്ചാത്തല മേഖലയിലെ പുരോഗതി തടസപ്പെടരുതെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സര്‍വീസ് പെന്‍ഷന്‍കരുടെ 600 കോടി കുടിശിക ഉടന്‍ നല്‍കും. പ്രകൃതി പ്രതിഭാസങ്ങളെ നേരിടാന്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

 

കടം എടുക്കാനുള്ള സര്‍ക്കാരിന്റെ അവകാശത്തെയും കേന്ദ്രം ബുദ്ധിമുട്ടിച്ചു. കിഫ്ബി ഉള്‍പ്പടെ പൊതുകടത്തിന്റെ പരിധിയിലാക്കി. സംസ്ഥാനങ്ങള്‍ക്കുള്ള കടമെടുപ്പ് പരിധി ഉയര്‍ത്തുന്നില്ല. കേരളത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു. ഇതില്‍ കൂടുതല്‍ വെട്ടിക്കുറവ് ഒരു സംസ്ഥാനത്തോടും ചെയ്യാനില്ല. കേരളത്തിന്റെ ഭരണഘടനാപരമായ അവകാശത്തിന് വേണ്ടി സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share news