KOYILANDY DIARY

The Perfect News Portal

മോട്ടോർ വാഹനവകുപ്പ്‌ സ്ഥാപിച്ച 726 ക്യാമറകൾ നാളെ മുതൽ പ്രവർത്തിക്കും

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ്‌ സ്ഥാപിച്ച 726 ക്യാമറകൾ നാളെ മുതൽ പ്രവർത്തിക്കും. റോഡപകടങ്ങൾ കുറയ്‌ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ്‌ സ്ഥാപിച്ച 726 ക്യാമറകൾ വ്യാഴം മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം  പദ്ധതിക്ക്‌  സമഗ്ര ഭരണാനുമതി നൽകി.

14 ജില്ലകളിലായി  675 എഐ ( നിർമിത ബുദ്ധി) കാമറകളാണ്‌ പദ്ധതിയുടെ ഭാഗമായി കെൽട്രോൺ സ്ഥാപിച്ചത്‌. ഹെൽ‌മറ്റ്, സീറ്റ് ബെൽ‌റ്റ് ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനം നിർ‌ത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇവ കണ്ടുപിടിക്കും. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങൾ എടുത്ത്‌ കാമറ കൺട്രോൾ റൂമിലേക്ക്‌ അയക്കും. അവിടെനിന്നാണ്‌ വാഹന ഉടമയ്‌ക്ക്‌ ചിത്രങ്ങൾ ഉൾകൊള്ളിച്ചുള്ള പിഴ നോട്ടീസ്‌ അയക്കുക.

തിരുവനന്തപുരം ട്രാൻസ്‌പോർട്ട്‌ കമീഷണറേറ്റിലെ രണ്ടാംനിലയിലാണ്‌ കേന്ദ്രീകൃത കൺട്രോൾറൂമും ഡാറ്റ സെന്ററും സജ്ജീകരിച്ചത്‌. ജില്ലാടിസ്ഥാനത്തിലും കൺട്രോൾ റൂമുംപ്രവർത്തിക്കും. കൺട്രോറൂമുകൾക്കായുള്ള വിദഗ്‌ധരെ നിയമിക്കുന്നത്‌ കെൽട്രോണാണ്‌. കാമറകളുടെ അറ്റകുറ്റപ്പണി നടത്തുന്നതും സാങ്കേതിക കാര്യങ്ങൾ അഞ്ചുവർഷത്തേക്ക്‌ നിർവഹിക്കുന്നതും കെൽട്രോണാണ്‌.

Advertisements

പിഴ ഇങ്ങനെ

ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ
രണ്ടാംതവണ – 1000
ലൈസൻസില്ലാതെ യാത്ര -5000
ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം – 2000
അമിതവേഗം – 2000
മദ്യപിച്ച്‌ വാഹനമോടിച്ചാൽ – ആറുമാസം തടവ്‌ അല്ലെങ്കിൽ 10000 രൂപ
രണ്ടാംതവണ – രണ്ട്‌ വർഷം തടവ്‌ അല്ലെങ്കിൽ 15000 രൂപ
ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ – മൂന്നുമാസം തടവ്‌ അല്ലെങ്കിൽ 2000
രണ്ടാംതവണ – മൂന്നു മാസം തടവ്‌ അല്ലെങ്കിൽ 4000 രൂപ
ഇരുചക്ര വാഹനത്തിൽ രണ്ടിൽ  കൂടുതൽ പേരുണ്ടെങ്കിൽ – 1000
സീറ്റ്‌ ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500
ആവർത്തിച്ചാൽ – 1000