ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്

തിരുവനന്തപുരം: ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി ലയനം നിര്‍ദേശിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ, ഡിപിഐ എന്നിവ ഒരു ഡയറക്ടറേറ്റിന്റെ കീഴിലാക്കുമെന്നും മന്ത്രി അറിയിച്ചു. നിയമസഭയിലാണ് മന്ത്രിയുടെ വിശദീകരണം.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഹയര്‍ സെക്കന്‍ഡറി പ്രിന്സിപ്പിലാകും സ്കൂള്‍ മേധാവി. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് വൈസ് പ്രിന്‍സിപ്പലാകും. ഖാദര്‍ കമ്മിറ്റിയുടെ 14 നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം ഉടന്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സഭയില്‍ പറഞ്ഞു.

അധ്യാപനത്തിന്റെ കാര്യത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചൊവ്വാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്കൂള്‍ അധ്യാപകര്‍ ഹൈസ്കൂളിലും തന്നെയായിരിക്കും തുടര്‍ന്നും പഠിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞിരുന്നു.

