700 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കുന്ദമംഗലം എക്സൈസ് സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു

കുന്ദമംഗലം: ഒാണാഘോഷം കൊഴുപ്പിക്കുവാന്‍ കരുതിവെച്ച 700 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കുന്ദമംഗലം എക്സൈസ് സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു. കാരന്തൂര്‍ പുതുരാള്‍കടവ് ഭാഗത്ത് പൂനൂര്‍ പുഴയോരത്ത് അഞ്ച് ബാരലുകളിലായി ഒളിപ്പിച്ചുവെച്ച വാഷാണ് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ യു.കെ.അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്ത് നശിപ്പിച്ചത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുഴയോരത്തെ വിജനമായ സ്ഥലത്ത് ചാക്കുകൊണ്ട് പൊതിഞ്ഞ നിലയില്‍ വാഷ് നിറച്ച ബാരലുകള്‍ കണ്ടെത്തിയത്. ആരെയും പിടികൂടാനായിട്ടില്ല. എക്സൈസ് ഉദ്യോഗസ്ഥരായ പി.കെ.ഹരീഷ്, കെ.സദാനന്ദന്‍, സുരേഷ്ബാബു, ഷിഞ്ജുകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

