KOYILANDY DIARY.COM

The Perfect News Portal

പൊലീസിനെ കുത്തിപ്പരിക്കേൽപ്പിച്ച മോഷണസംഘത്തിലെ 7 പേർ അറസ്റ്റിൽ

കോഴിക്കോട് : ബൈക്ക്‌ മോഷണക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ മെഡിക്കൽ കോളേജ്‌ സ്‌റ്റേഷനിലെ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഘത്തിലെ പ്രധാനി ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. വാഹന മോഷണമുൾപ്പെടെ നിരവധി മോഷണക്കേസുകളിൽ പ്രതികളായ കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ്‌ (19), പൊക്കുന്ന് സ്വദേശി വി സി അക്ഷയ് കുമാർ (20), ചക്കുംകടവ് സ്വദേശി മുഹമ്മദ് ശിഹാൽ (20),  ഈങ്ങാപ്പുഴ സ്വദേശി പി കെ സഫ്നാസ് (32), തമിഴ്നാട് സ്വദേശി മുഹമ്മദ് റിസ്വാൻ (29), കക്കോടി സ്വദേശി സാദിഖ് (28), കാസർകോട്‌ സ്വദേശി ഒ ടി ഷാഹിർ (28) എന്നിവരാണ് അറസ്‌റ്റിലായത്‌. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്‌തു. 
മലപ്പുറം സ്വദേശിയുടെ ബൈക്ക് മെഡിക്കൽ കോളേജ്‌ അത്യാഹിത വിഭാഗം  പരിസരത്തുനിന്നാണ്‌ കളവ് പോയത്‌. മെഡിക്കൽ കോളേജ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കാണാതായ ബൈക്കുമായെത്തിയ പ്രതികൾ കൊടുവള്ളിയിലെ മൊബൈൽ ഫോൺ കടയിൽ മോഷണം നടത്തിയതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ വ്യക്തമായിരുന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി തായിഫ്‌ പൊലീസ് ഡ്രൈവർ സന്ദീപിനെ കത്തികൊണ്ട്‌ കുത്തി രക്ഷപ്പെടുകയായിരുന്നു. 
ഇയാളെ പിന്നീട്‌ മോഷ്ടിച്ച ബൈക്ക് സഹിതം മാനാഞ്ചിറക്കടുത്തുള്ള കോംട്രസ്റ്റിന്റെ കാട് മൂടിക്കിടക്കുന്ന കെട്ടിടത്തിലെ ഒളിത്താവളത്തിൽനിന്ന്‌ സാഹസികമായി പിടികൂടി. ഈ സമയം ഒളിത്താവളത്തിൽനിന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്ന മറ്റുള്ളവരും അറസ്‌റ്റിലായി. 21 കേസുകളിൽ പ്രതിയായ തായിഫ് മൂന്നാഴ്ചകൾക്കുമുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
ഇവരുടെ പക്കൽനിന്ന്‌ മോഷ്ടിച്ച മൊബൈൽ ഫോണുകളും ബൈക്കുകളും കണ്ടെടുത്തു. മൂന്നുദിവസംമുമ്പ്‌ പ്രതികൾ മൂന്നുപേരുംകൂടി വേങ്ങേരിയിൽനിന്ന്‌ സ്കൂട്ടർ മോഷ്ടിച്ച്  മലപ്പുറം വള്ളുവമ്പ്രത്തെത്തി. അവിടെനിന്ന്‌ പാലക്കാട് സ്വദേശിയുടെ പൾസർ ബൈക്ക് മോഷ്ടിച്ച്‌  സ്കൂട്ടർ അവിടെ ഉപേക്ഷിച്ച്‌ ബൈക്കുമായി കോഴിക്കോട്ടേക്ക് മടങ്ങി. ഡെപ്യൂട്ടി പൊലീസ്‌ കമീഷണർ കെ ഇ ബൈജുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് പ്രതികളുടെ നീക്കം നിരീക്ഷിച്ചാണ്‌ വലവിരിച്ചത്‌.
പിടിയിലായത്‌ നിരവധി 
മോഷണക്കേസിലെ 
പ്രതികൾ 
കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിരവധി വാഹന മോഷണക്കേസുകളിലും അമ്പലമോഷണക്കേസുകളിലും, കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും ഉൾപ്പെട്ടവരാണ് പ്രതികൾ. മെഡിക്കൽ കോളേജ് അസിസ്റ്റന്റ്‌ കമീഷണർ കെ സുദർശന്റെ കീഴിൽ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ എസ്‌ഐ ആർ രാധാകൃഷ്ണൻ, സിപിഒമാരായ സന്ദീപ്, പ്രജീഷ്, ബിജേഷ് സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് എസ്ഐ ഒ മോഹൻദാസ്, എസ്‌സിപിഒമാരായ ശ്രീജിത്ത് പടിയാത്ത്, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, എ കെ അർജുൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Share news