63 കിയോസ്കുകളില്‍ വെള്ളമെത്തിക്കും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി
കോഴിക്കോട് > ജില്ലയില്‍ കുടിവെളളത്തിന് അതീവ ക്ഷാമം നേരിടുന്ന 63 സ്ഥലങ്ങളില്‍ കിയോസ്കുകള്‍ വഴി 31നകം ജലവിതരണം തുടങ്ങും.
വില്ലേജ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയില്‍  കണ്ടെത്തിയ 63 പ്രദേശങ്ങളില്‍ ഭൂരിപക്ഷം ഇടങ്ങളിലും 5000 ലിറ്റര്‍ സംഭരണശേഷിയുളള വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ശേഷിക്കുന്ന സ്ഥലങ്ങളില്‍  31 നകം സ്ഥാപിക്കും. നിര്‍മിതികേന്ദ്രക്കാണ് കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനുളള ചുമതല. മൂന്ന് ടാപ്പുകള്‍ വീതമുളളതാണ് ഓരോ കിയോസ്കും. കോഴിക്കോട് താലൂക്കില്‍ 9, കൊയിലാണ്ടിയില്‍ 14, വടകരയില്‍ 30, താമരശേരിയില്‍ 10 എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ കിയോസ്കുകള്‍ സ്ഥാപിക്കുക. വരള്‍ച്ച രൂക്ഷമാകുകയാണെങ്കില്‍  450 കേന്ദ്രങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിക്കേണ്ടിവരും. പ്രദേശികതലത്തില്‍ കുടിവെള്ളലഭ്യത ഉറപ്പാക്കാനുള്ള ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്കായിരിക്കും. കിയോസ്കുകളിലെ വെളളത്തിന്റെ അളവ് 750 ലിറ്ററില്‍ കുറയുമ്പോള്‍  നിറയ്ക്കാനുളള നടപടി സ്വീകരിക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍  ഏതെങ്കിലും പ്രദേശത്ത് സ്വന്തം നിലയില്‍  കുടിവെളളം വിതരണംചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ആ വിവരം വില്ലേജ് ഓഫീസറെയോ തഹസില്‍ദാരെയോ അറിയിക്കണം. കലക്ടര്‍ യു വി ജോസ് അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍മാരായ ബി അബ്ദുള്‍ നാസര്‍, കെ സുബ്രഹ്മണ്യന്‍, എന്‍ വി രഘുരാജ്, കെ ഹിമ എന്നിവര്‍ സംസാരിച്ചു.


 
                        

 
                 
                