KOYILANDY DIARY

The Perfect News Portal

തൃശൂർ മെഡിക്കൽ കോളേജിൽ 606.46 കോടിയുടെ നിർമ്മാണ പദ്ധതികളും 11.4 കോടിയുടെ പ്രവർത്തന പദ്ധതികളും

തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജിൽ 606.46 കോടിയുടെ നിർമ്മാണ പദ്ധതികളും 11.4 കോടിയുടെ പ്രവർത്തന പദ്ധതികളും ഒരുങ്ങുന്നു. പദ്ധതികളുടെ ഉദ്ഘാടനം 12ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷയാകും.

തൃശൂർ മെഡിക്കൽ കോളേജിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വലിയ വികസന പ്രവർത്തനങ്ങൾക്കാണ് മുഖ്യമന്ത്രി തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 279.19 കോടി ചെലവഴിച്ചുള്ള അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക്, 285.54 കോടിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, 36.73 കോടിയുടെ ഗവ. ദന്തൽ കോളേജ് കെട്ടിടം രണ്ടാംഘട്ട നിർമ്മാണം, 5 കോടിയുടെ ഐസൊലേഷൻ ബ്ലോക്ക് എന്നിവയുടെ നിർമാണ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. ഇതോടൊപ്പം പൂർത്തീകരിച്ച 11.4 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. സമയബന്ധിതമായി ഈ പദ്ധതികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക് കിഫ്ബി പദ്ധതിയിലൂടെയാണ് സാധ്യമാക്കുന്നത്. 5 ലക്ഷത്തോളം ചതുരശ്ര അടി വിസ്തീർണമള്ള ഈ ആശുപത്രി സമുച്ചയം ഏഴു നിലകളായാണ് നിർമിക്കുന്നത്. ഗൈനക്കോളജി, പീഡിയാട്രിക്‌സ്, നിയോനെറ്റോളജി, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ സേവനങ്ങളാണ് ആശുപത്രിയിലൂടെ ലഭ്യമാവുക. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾക്ക് മാത്രമായി എട്ട് നിലകളുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കാണ് നിർമിക്കുന്നത്. 300 സൂപ്പർ സ്‌പെഷ്യലിറ്റി ബെഡുകൾ, 38 ഡയാലിസിസ് ബെഡുകൾ, 26 ഐസിയു ബെഡുകൾ, 28 ഐസോലേഷൻ ബെഡുകൾ, 25 ഐസോലേഷൻ റൂമുകൾ ഒപി റൂമുകൾ, 16 ഓപ്പറേഷൻ തിയറ്ററുകൾ എന്നിവയാണ് അനുബന്ധ സൗകര്യങ്ങളോടെ ഒരുക്കുന്നത്.

Advertisements

 

ദന്തൽ കോളേജിന്റെ സർവതോന്മുഖമായ വികസനത്തിന് ഉപകരിക്കുന്ന രീതിയിലാണ് ദന്തൽ കോളേജ് കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിർമാണം നടത്തുന്നത്. പകർച്ചവ്യാധികളെ നേരിടുന്നതിനായാണ് ഐസൊലേഷൻ ബ്ലോക്ക് സജ്ജമാക്കുന്നത്. പാരാമെഡിക്കൽ എഡ്യൂക്കേഷൻ ബിൽഡിംഗ് വികസനം (2 കോടി), പിജി ക്വാർട്ടേഴ്സ് രണ്ടാം ഘട്ടം (3 കോടി), 500 KVA DG Set ന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കൽ (68 ലക്ഷം), HD ക്യാമറ ഹെഡ് കൺട്രോൾ യൂണിറ്റ് വിത്ത് മെഡിക്കൽ മോണിറ്റർ, കോൾഡ് ലൈറ്റ് സോഴ്‌സ്, ടെലസ്‌കോപ് ആൻഡ് ഇൻസ്ട്രുമെന്റ്സ് (32 ലക്ഷം), എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (1.10 കോടി രൂപ), ക്രയോസ്റ്റാറ്റ് (27.14 ലക്ഷം), സി ആം മൊബൈൽ ഇമേജ് ഇന്റെൻസിഫയർ സിസ്റ്റം (27 ലക്ഷം), വെന്റിലേറ്റർ ഐസിയു ഫോർ ട്രോമാ ക്രിട്ടിക്കൽ കെയർ (53.1 ലക്ഷം) ഓഫീസ് നവീകരണം (20.42 ലക്ഷം), ക്രയോഫ്യൂജ് (40 ലക്ഷം) അൾട്രാസോണിക് കട്ടിംഗ് ആൻഡ് കോയാഗുലേഷൻ വിത്ത് റേഡിയോ ഫ്രീക്വിൻസി വെസ്സൽ സീലിംഗ് സിസ്റ്റം (25.31 ലക്ഷം), ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം മോഡൽ എ (1.70 കോടി), സിസിടിവി (27 ലക്ഷം, ഐസിയു ആംബുലൻസ് (25 ലക്ഷം), ക്രിക്കറ്റ് ഗ്രൗണ്ട് നവീകരണം (15 ലക്ഷം) എന്നിവയാണ് പ്രവർത്തനസജ്ജമായത്.