ബേപ്പൂർ ഫിഷിങ് ഹാർബറിൽ 6000 ലിറ്റർ അനധികൃത ഡീസൽ പിടിച്ചു

ബേപ്പൂർ: ബോട്ടുകളിൽ നിറയ്‌ക്കാനായി ബേപ്പൂർ ഫിഷിങ് ഹാർബറിലെത്തിച്ച 6000 ലിറ്റർ അനധികൃത ഡീസൽ പൊലീസ് പിടിച്ചെടുത്തു. ഡീസൽ എത്തിച്ച ടാങ്കർ കസ്റ്റഡിയിലെടുത്ത് ഡ്രൈവർ കുറ്റ്യാടി അരീക്കൽ സ്വദേശി സായിഷിനെ ഫറോക്ക് അസി. കമീഷണർ എ എം സിദ്ദിഖ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മായം കലർത്തി കുറഞ്ഞ നിരക്കിൽ ബോട്ടുകളിൽ യഥേഷ്‌ടം ഡീസൽ വിതരണം ചെയ്തുവരികയായിരുന്നെന്നാണ് വിവരം.

ബേപ്പൂർ ഹാർബറിൽ മത്സ്യഫെഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടേതായി മൂന്ന് ഡീസൽ ബങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ബങ്കുകൾ മുഖേനയല്ലാതെ ഒരു ഏജൻസി വഴിയും ഡീസൽ വിതരണത്തിന് അനുമതിയില്ല. ഹാർബറിൽ ഇന്ധനവുമായി പ്രവേശിക്കുന്നതും കുറ്റകരമായിരിക്കെയാണ് പുറമെനിന്ന് ഡീസൽ എത്തിച്ച് വിതരണം ചെയ്തത്. അനധികൃതമായി ഡീസൽ കൈവശം വെച്ച് വിതരണം ചെയ്യൽ, ഇന്ധനം കടത്ത് എന്നിവയ്ക്ക് മോട്ടോർ സ്പിരിറ്റ് ഡിസ്ട്രിബ്യൂഷൻ ആൻഡ് റെഗുലേഷൻ ആക്ട്, അവശ്യ വസ്തുനിയമം, എക്‌സ്‌പ്ലോസീവ് ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേപ്പൂർ എസ്ഐ എം രവീന്ദ്രൻ, പ്രൊബേഷണറി എസ്ഐ പി ഡി ധനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞുവയ്ക്കുകയായിരുന്നു. ഡീസൽ എത്തിച്ച കെഎൽ 58 എഇ 5551 നമ്പർ ടാങ്കർ ലോറി ഇന്ത്യൻ ഓയിൽ കോർപറേഷൻ കോഴിക്കോട് ഡിപ്പോ സെയിൽസ് മാനേജർ റെജിന്റെ സഹായത്തോടെയാണ് പരിശോധിച്ചത്. ഡീസൽ എത്തിക്കുന്ന ഉറവിടവുമായി ബന്ധപ്പെട്ട നിർണായക വിവരം ലഭിച്ചതായി എസിപി സിദ്ദിഖ് പറഞ്ഞു.

