പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച 60 വയസുകാരന് 145 വർഷം കഠിന തടവ്

മലപ്പുറം: പന്ത്രണ്ടുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അറുപത് വയസുകാരന് 145 വർഷം കഠിന തടവ്. മലപ്പുറം കാവന്നൂർ സ്വദേശി കൃഷ്ണനെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 8.77 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

2022-23 കാലയളവിലാണ് കുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. കൃഷ്ണൻ താമസിച്ചിരുന്ന വീട്ടിലേക്ക് മിഠായിയും മറ്റും നൽകാമെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. പീഡനത്തെ കുട്ടി ചെറുക്കുമ്പോൾ ഇയാൾ മർദിക്കുകയും ചെയ്തിരുന്നു.

പ്രതിയടക്കുന്ന തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. പ്രതിയെ താനൂർ ജയിലിലേക്ക് മാറ്റി. മലപ്പുറം വനിതാ പൊലീസ് സബ് ഇൻസ്‌പെക്ടർ എം സജിനി, സി പി സുഷമ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സോമസുന്ദരൻ ഹാജരായി, 17 സാക്ഷികളെ കോടതി വിസ്തരിച്ചു. 16 രേഖകളും ഹാജരാക്കി.

