KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ പിഎസ്‌സി നിയമനങ്ങളിൽ 60 ശതമാനവും കേരളത്തിൽ

.

രാജ്യത്തെ പിഎസ്‌സി നിയമനങ്ങളിൽ 60 ശതമാനവും കേരളം വഴിയാണെന്ന സുപ്രധാന നേട്ടം കൈവരിച്ചുകൊണ്ട് കേരള പിഎസ്‌സി മുന്നേറുന്നു. സുതാര്യമായ പ്രവർത്തനങ്ങളിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ മൂന്ന് ലക്ഷം പേർക്കാണ് കമ്മീഷൻ നിയമന ശുപാർശ നൽകിയത്.

 

അടുത്തിടെയുള്ള നിയമനങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പിഎസ്‌സിയുടെ കാര്യക്ഷമത വ്യക്തമാണ്. 2023-ൽ 34,110 പേർക്കും, 2024-ൽ 34,194 പേർക്കും, 2025-ൽ ഇതുവരെ 33,368 പേർക്കും നിയമന ശുപാർശ നൽകിക്കഴിഞ്ഞു. ഈ വർഷം കൂടുതൽ വിരമിക്കലുകൾ നടക്കാനിരിക്കുന്നതിനാൽ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിയമന നടപടികൾ പൂർണ്ണമായും ഓൺലൈനാക്കിയതും, പുതിയ തസ്തികകൾ സൃഷ്ടിച്ചതും, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. റാങ്ക് ലിസ്റ്റ് റദ്ദാകുന്ന ദിവസം രാത്രി പന്ത്രണ്ട് മണി വരെ ഓഫീസുകൾ തുറന്ന് പ്രവർത്തിച്ച് അവസാന ഒഴിവ് പോലും റിപ്പോർട്ട് ചെയ്യുന്നുവെന്ന് പിഎസ്‌സി ഉറപ്പാക്കുന്നുണ്ട്.

Advertisements

 

അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിയെക്കുറിച്ചും നിയമനങ്ങളെക്കുറിച്ചും ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ഉറവിടങ്ങൾ വ്യക്തമാക്കുന്നു. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനും അതിന്റെ കാലാവധി നിശ്ചയിക്കുന്നതിനും വ്യക്തമായ നിയമങ്ങളുണ്ട്. കോളേജ് അധ്യാപക തസ്തികകളിൽ പ്രതീക്ഷിത ഒഴിവുകൾ കണക്കിലെടുത്താണ് റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്.

 

ആവശ്യമായ സാഹചര്യങ്ങളിൽ റാങ്ക് ലിസ്റ്റുകൾ നീട്ടാൻ പിഎസ്‌സിക്ക് പൂർണ്ണ അധികാരമുണ്ട്. തൊഴിലന്വേഷകരിൽ അനാവശ്യമായ ആശങ്കയും തെറ്റിദ്ധാരണയും സൃഷ്ടിക്കാനുള്ള മാധ്യമ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്നും പിഎസ്‌സി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Share news