രാജ്യത്തെ പിഎസ്സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിൽ

രാജ്യത്ത് പിഎസ്സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം ഏതാണെന്ന് അറിയാമോ? സംശയിക്കേണ്ട അത് നമ്മുടെ കേരളം തന്നെയാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 2.8 ശതമാനം ജനങ്ങളാണ് കേരളത്തിൽ ഉള്ളത്. എന്നാൽ രാജ്യത്ത് നടക്കുന്ന പിഎസ്സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണ്. ഇത് വെറുതെ പറയുന്നതല്ല യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ കണക്കാണ്. ഇന്ന് രാജ്യത്താകെ നടക്കുന്ന പിഎസ്സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണെന്നും. സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിലും രാജ്യത്ത് ഒന്നാമതുള്ളത് കേരള പി എസ് സി ആണെന്നുമാണ് യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ കണക്ക്.

2016 മെയ് മുതൽ ഇതുവരെ രണ്ട്ലക്ഷത്തി എൺപത്തി ഒൻപതിനായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ് (2,89,936) നിയമനശുപാർശകളാണ് ഇന്നു ഇതുവരെ കേരള പിഎസ്സി അയച്ചത്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തവിധം റെക്കോർഡ് കണക്കാണിത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ മുപ്പത്തിനാലായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിനാല് (34194) നിയമനങ്ങളാണ് കേരള പി എസ് സി വഴി നടത്തിയത്. എന്നാൽ ജനസംഖ്യ കൂടുതലുള്ളതും ഏറ്റവും വലുതുമായ സംസ്ഥാനങ്ങളിൽ പോലും ഓരോ വർഷവും 1000ത്തിൽ താഴെ മാത്രമാണ് നിയമനങ്ങൾ നടക്കുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച നിലവാരത്തിൻ മാതൃകാപരമായ രീതിയിലാണ് കേരള പി എസ് സി പ്രവർത്തിക്കുന്നതെന്ന് നിയമനത്തിത്തിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കും. സംസ്ഥാന സർക്കാരിന്റെ കൃത്യമായ മാർഗ നിർദേശങ്ങളാണ് കൃത്യമായ നിയമനങ്ങൾ നടക്കുന്നതിന്റെ പ്രധാന കാരണം. ആറ് മാസത്തെ പ്രതീക്ഷിത ഒഴിവ് മുൻകൂട്ടി റിപ്പോർട്ട് ചെയ്ത് നിയമന നടപടികൾ സ്വീകരിക്കാൻ കൃത്യമായ നിർദേശം സംസ്ഥാന സർക്കാർ വകുപ്പുകൾക്ക് നൽകിയിട്ടുണ്ട്.

അടുത്ത ഒരു വർഷത്തെ പ്രതീക്ഷിത ഒഴിവുകളും മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നിയമന ശുപാർശ നൽകിയവരുടെ എണ്ണം ഈ വർഷം അവസാനത്തോടെ മൂന്ന് ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിരമിക്കൽ നടക്കുന്നതിനാൽ വരുന്ന വർഷവും കൂടുതൽ നിയമനങ്ങൾ നടക്കുമെന്നാണ് കണക്കുകൂട്ടൽ.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016 മെയ് മുതൽ 2021 മെയ് 20 വരെ ഒരു ലക്ഷത്തി അറുപത്തിഒരായിരത്തി ഇരുന്നൂറ്റി അറുപത്തിയെട്ട് (1,61,268) പേർക്ക് നിയമന ശുപാർശ നൽകി. രണ്ടാം പിണറായി സർക്കാരിന്റ കാലത്ത് ഇതുവരെ നൽകിയ നിയമന ശുപാർശകളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തി എണ്ണായിരത്തി അറുന്നൂറ്റി അറുപത്തിയെട്ടാണ് (1,28,668).
അവശ്യ മേഖലകളിൽ പുതിയ തസ്തിക സൃഷ്ടിച്ചതും നിലവിലുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുമാണ് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഇത്രയധികം റെക്കോർഡ് നിയമനങ്ങൾ നടക്കുന്നതിനുള്ള കാരണം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമനങ്ങൾ നടക്കാതിരുന്ന തസ്തികകളിലേക്കും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി നിയമനങ്ങൾ നടന്നു. സാങ്കേതിക, നിയമ കുരുക്കുകൾ അഴിച്ചാണ് നിയമനങ്ങൾ നടക്കാതിരുന്ന തസ്തികകളിൽ നിയമനം നടത്താൻ സർക്കാരിന് സാധിച്ചത്.
റാങ്ക് പട്ടിക നിലവിലില്ലാത്ത സാഹചര്യം ഒഴിവാക്കി, കാലാവധി തീരുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിലേക്ക് കേരള പിഎസ്സി വളർന്നു. സംവരണ തത്വങ്ങൾ പാലിക്കുന്നതിലും കേരള പിഎസ്സി രാജ്യത്ത് ഒന്നാമതാണ്. സംസ്ഥാന സർക്കാരിന്റെ കർക്കശമായ നിലപാട് കൊണ്ടാണ് എല്ലാ സാമുദായിക, സാമ്പത്തിക, ശ്രേണിയിൽപ്പെട്ടവർക്കും കൃത്യമായ ആനുപാതിക പ്രാതിനിധ്യം ലഭിക്കുന്നത്.
