KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് സെൻട്രൽ മാർക്കറ്റ് നവീകരണത്തിന് 55.17 കോടിയുടെ പദ്ധതി

കോഴിക്കോട് സെൻട്രൽ മാർക്കറ്റ് നവീകരണത്തിന് 55.17 കോടിയുടെ പദ്ധതി. മീൻ കച്ചവടത്തിന്റെ മർമകേന്ദ്രമായ സെൻട്രൽ മാർക്കറ്റ്‌ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനാണ് 55.17 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്. രണ്ട്‌ നിലകളിലായി ചില്ലറ–മൊത്ത  മീൻ കച്ചവടത്തിന്‌ വിശാല സൗകര്യമുണ്ടാകും.  വിശദ പദ്ധതി രേഖ‌ക്ക്‌ (ഡിപിആർ) കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകി. ഭരണാനുമതിക്കായി സർക്കാരിന്‌ സമർപ്പിക്കും. സാങ്കേതികാനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്ക്‌ നീങ്ങും. യോഗത്തിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ അധ്യക്ഷനായി. കോർപറേഷനും ഫിഷറീസ്‌ വകുപ്പും ചേർന്നാണ്‌ നവീകരണം നടത്തുക.
പുലർച്ചെ മുതൽ സജീവമാകുന്ന സെൻട്രൽ മാർക്കറ്റ്‌ നിലവിൽ അസൗകര്യങ്ങളോടെയാണ്‌ പ്രവർത്തിക്കുന്നത്‌. നിരവധി വാഹനങ്ങളും തൊഴിലാളികളുമെത്തുന്ന ഇവിടെ പാർക്കിങ്‌, ശീതീകരണ സംവിധാനം,    വിശ്രമമുറി, നല്ല ടോയ്‌ലെറ്റ്‌ തുടങ്ങിയവയൊന്നും ഇല്ല. നവീകരിക്കുന്നതോടെ ഈ  പരാതികൾക്ക്‌ പരിഹാരമാകും.
 24469.01 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ നവീകരിക്കുന്ന മാർക്കറ്റിൽ താഴത്തെ നിലയിലാകും മൊത്ത – ചില്ലറ വിൽപ്പന‌ക്കുള്ള ഔട്ട്‌ലെറ്റ്‌. കേന്ദ്രീകൃത ശീതീകരണ സംവിധാനമുണ്ടാകും. ബേസ്‌ മെന്റിൽ പാർക്കിങ്‌ സൗകര്യം ഒരുക്കും. സംസ്‌കരിച്ച മത്സ്യങ്ങളുടെ കച്ചവടവും ആരംഭിക്കും. ഒന്നാം നിലയിലാണ്‌ ഈ ക്രമീകരണം. ഇവിടെ 24 പേർക്ക്‌ കിടക്കാവുന്ന  ഡോർമിറ്ററി നിർമിക്കും. ടോയ്‌ലെറ്റ്,  പരിപാടികൾക്കുപയോഗിക്കാവുന്ന ഹാൾ എന്നിവയുമുണ്ടാവും.
രണ്ടാം നിലയിൽ വിനോദത്തിനുള്ള സജ്ജീകരണങ്ങളുണ്ടാകും. തീം റസ്‌റ്റോറന്റ്‌, കടൽ ഭക്ഷ്യവിഭവങ്ങളുള്ള ഹോട്ടൽ, കമ്യൂണിറ്റി ഏരിയ എന്നിവയാണ്‌ ഡിപിആറിലുള്ളത്‌.
 ഉണക്കമീൻ വിപണനത്തിന്‌ പ്രത്യേക സംവിധാനമുണ്ട്‌. ഘട്ടം ഘട്ടമായാണ്‌ നിർമാണം. ഫിഷറീസ്‌ വകുപ്പ്‌ 50 കോടി നൽകും. ശേഷിക്കുന്ന തുക കോർപറേഷൻ കണ്ടെത്തേണ്ടിവരും.
ആരോഗ്യ കേന്ദ്രങ്ങൾക്ക്‌ 2.54 കോടി രൂപ നഗരപരിധിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്താനായി  2.54 കോടി രൂപയുടെ പദ്ധതികൾക്ക്‌ അംഗീകാരം നൽകി.
2022–-23 ലെ ആരോഗ്യ ഗ്രാന്റ്‌ ഉപയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കുക. ലാബ്‌ ഉപകരണങ്ങൾ, റിയേജന്റ്‌ പരിശോധനക്കിറ്റ്‌, കിറ്റ്‌ സൂക്ഷിക്കാനുള്ള സൗകര്യം, ലാബ്‌ ടെക്‌നീഷ്യൻമാർക്കുള്ള വേതനം, പരിശീലനം തുടങ്ങിയവക്കാണ്‌ പണം വകയിരുത്തുക.
Share news