KOYILANDY DIARY

The Perfect News Portal

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ 11 മലയാളികളടക്കം 49 പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. മലയാളികളുടെ എണ്ണം 11 ആയി. ആകെ 20 ഇന്ത്യക്കാർ മരിച്ചെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും 42 ഇന്ത്യക്കാർ മരിച്ചെന്നും റിപ്പോർട്ടുണ്ട്. 50 പേർക്ക് ഗുരുതര പരിക്ക്. മരണസംഖ്യ ഉയർന്നേക്കും. മരിച്ചവർ ഏറെയും ഇന്ത്യക്കാരാണ്. ഗൾഫ് രാജ്യങ്ങളിൽ സമീപകാലത്തെ ഏറ്റവും വലിയ തീപിടുത്തമാണിത്.

മലയാളിയായ കെ ജി അബ്രഹാമിൻ്റെ ഉടമസ്ഥതയിൽ, മംഗഫ് ബ്ലോക്ക് നാലിൽ പ്രവർത്തിക്കുന്ന എൻബിടിസി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന ആറുനില കെട്ടിടത്തിലാണ് ദുരന്തം. ബുധൻ പുലർച്ചെ നാലോടെ തീ ആളിപ്പടർന്നു. കെട്ടിടത്തിൽ അപ്പോൾ 196 പേർ ഉണ്ടായിരുന്നു. 4.30ഓടെ അഗ്നിരക്ഷാസേനയെത്തി ആളുകളെ ഒഴിപ്പിച്ചു. ഉച്ചയോടെയാണ് തീ നിയന്ത്രണവിധേയമായത്.
Advertisements
തീ ആളിപ്പടർന്നപ്പോൾ രക്ഷപ്പെടാനായി കെട്ടിടത്തിന്റെ മുകൾനിലയിൽനിന്ന് ചാടിയ ഒരാൾ മരിച്ചു. ജനാലവഴി ചാടിയ പലർക്കും ഗുരുതര പരിക്കേറ്റു. ഫ്ലാറ്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് അകത്തുനിന്നാണ് 45 മൃതദേഹം കിട്ടിയത്. പുക ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. നാലുപേർ ആശുപത്രിയിൽവച്ചാണ് മരിച്ചത്. എല്ലാവരും 20– 50 പ്രായക്കാർ. താമസക്കാരിൽ പാകിസ്ഥാൻ, നേപ്പാൾ, ഈജിപ്‌ത്, ഫിലിപ്പീൻസ് എന്നിവടങ്ങളിൽ നിന്നുള്ളവരുമുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ അഞ്ച് അഗ്‌നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു.
ദുരന്തത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നു. കമ്പനി ഉടമയുടെ അത്യാഗ്രഹമാണ് അപകടമുണ്ടാക്കിയതെന്ന് അപകടസ്ഥലം സന്ദർശിച്ച കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അസ്സബാഹ് പറഞ്ഞു. കെട്ടിട ഉടമയെയും പരിപാലനച്ചുമതലുള്ളയാളെയും കമ്പനി ഉടമയെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ നിരവധി പ്രധാന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
പരിക്കേറ്റവരിൽ 30 പേരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർവാനിയ, അമിരി, മുബാറക്, ജാബർ ആശുപത്രികളിലും പരിക്കേറ്റവരുണ്ട്.
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കൃതി വർധൻ സിങ് കുവൈത്തിലെത്തി. ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക അൽ അദാൻ ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികളെ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2 ലക്ഷം രൂപ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു എംബസി ഹെൽപ്പ്‌ലൈൻ: +965-65505246.