ഐടി പ്രൊഫഷണലിൽ നിന്ന് 41 ലക്ഷം തട്ടിയെടുത്തു: യുവാവ് അറസ്റ്റിൽ

വടകര: ഐടി പ്രൊഫഷണലായ യുവാവിൽനിന്ന് ഓൺലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് മാലൂർ കരേറ്റ ജാസ് വിഹാറിൽ ഷഹൽ സനജ് മല്ലിക്കറിനെ (24) ആണ് വടകര സിഐ ടി പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വടകര കരിമ്പനപ്പാലത്ത് താമസക്കാരനും ബാലുശേരി സ്വദേശിയുമായ ഷിബിന്റെ പരാതിയിലാണ് അറസ്റ്റ്.

ഓൺലൈൻ മുഖേന പാർട്ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരിൽ പണം നിക്ഷേപിക്കുകയും ആദ്യഘട്ടങ്ങളിൽ ഇതിന്റെ ലാഭം കിട്ടുകയും ചെയ്തിരുന്നു. വിശ്വാസം വർധിക്കുകയും കൂടുതൽ പണം നിക്ഷേപിക്കുകയും ചെയ്‌തതോടെയാണ് മുഴുവൻ തുകയും നഷ്ടമായത്. യുവാക്കളുടെ അക്കൗണ്ട് ഉപയോഗിച്ചാണ് പ്രതി പണം കൈമാറ്റം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷക സംഘത്തിൽ എഎസ്ഐ രജീഷ് കുമാർ, എസ്‌സിപിഒ സുരേഷ്, സിപിഒ സുമേഷ് എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വടകര മേഖലയിൽ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ലഭിച്ചത്. ഇത്തരം തട്ടിപ്പിന്റെ മുഖ്യ കണ്ണികളെല്ലാം ഇതര സംസ്ഥാനക്കാരാണ്. ഇവരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസും സൈബർ സെല്ലും.

