KOYILANDY DIARY

The Perfect News Portal

കരുവന്നൂരിൽ ഇഡി കണ്ടുകെട്ടിയ
5 അക്കൗണ്ടിൽ ആകെയുള്ളത്‌ 3411 രൂപ

തൃശൂർ: കരുവന്നൂരിൽ ഇഡി കണ്ടുകെട്ടിയ
5 അക്കൗണ്ടിൽ ആകെയുള്ളത്‌ 3411 രൂപ. കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടിനെ സിപിഐഎമ്മുമായി ബന്ധിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോൾ രാഷ്ട്രീയ വേട്ടയുമായി ഇഡി. സ്വത്തും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നോട്ടീസ് ബാങ്കിന് ശനി രാത്രി ലഭിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല. സിപിഐ എമ്മിനോ കരുവന്നൂർ ബാങ്കിനോ നോട്ടീസ് നൽകുന്നതിനുമുമ്പ് വെള്ളിയാഴ്‌ച മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി സിപിഐ എം വിരുദ്ധ പ്രചാരണത്തിന് നേതൃത്യം നൽകിയ ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് വ്യക്തം.
ഇഡി ഉയർത്തിയ വാദങ്ങൾ അവരുടെ രേഖകൾതന്നെ പൊളിച്ചടുക്കുന്നുവെന്ന് നോട്ടീസ് വ്യക്തമാക്കുന്നു. നേരത്തെ മാധ്യമങ്ങൾവഴി പ്രചരിപ്പിച്ച വാദങ്ങൾ ആവർത്തിക്കുകയാണ് ഇഡി. 29 കോടി രൂപയുടെ 18 സ്വത്തുവക കണ്ടുകെട്ടിയെന്ന് ഇഡിയും മാധ്യമങ്ങളും പറയുന്നു. 17 സ്വത്തുവകകളും ക്രമക്കേട് നടത്തിയവരുടേതാണ്. ഇവർക്ക് സിപിഐ എമ്മുമായി ബന്ധമില്ല. പതിനെട്ടാമതായി പറയുന്ന 4.66 സെന്റ് ഭൂമിയാണ് സിപിഐ എമ്മിൻ്റേത്. പൊറത്തിശേരി നോർത്ത് ലോക്കൽ കമ്മിറ്റിക്ക് ഓഫീസ് കെട്ടിടം നിർമിക്കാൻ വാങ്ങിയ ഭൂമിയാണിത്.  പരസ്യമായി ശേഖരിച്ച ഫണ്ടിൽ വാങ്ങിയതാണ് ഭൂമി.
Advertisements
കെട്ടിടം പണിതിട്ടില്ല. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടത്തിയാണ് ഭൂമി വാങ്ങിയതെന്നാണ് ഇഡി ആരോപിക്കുന്നത്. എന്നാൽ ഇത് ആരോപണമായി അവശേഷിക്കുന്നു. രേഖകളൊന്നുമില്ല. ബാങ്കിൽനിന്ന് വായ്‌പയും എടുത്തിട്ടില്ല. ജില്ലയിലെ എല്ലാ ലോക്കൽ കമ്മിറ്റി ഓഫീസുകളുടെയും ഭൂമി ജില്ലാ കമ്മിറ്റിയുടെ പേരിലാണ് രജിസ്‌റ്റർ ചെയ്യുക. ഇതിൻ്റെ പേരിലാണ് ജില്ലാ സെക്രട്ടറിയെ പ്രതിയാക്കി രാഷ്ട്രീയ പകപോക്കൽ നടത്തുന്നത്.
സിപിഐ എമ്മിൻ്റെ എട്ട് ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി സിപിഐ എം ജില്ലാ കമ്മിറ്റിക്ക് തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് എന്നിവിടങ്ങളിലായുള്ള രണ്ട് അക്കൗണ്ടുകളിലുള്ളത് സ്ഥിരനിക്ഷേപമാണ്. ഇതിൽനിന്ന് കരുവന്നൂർ ബാങ്കുമായി ഇടപാട് നടന്നിട്ടില്ല. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ടിലും കരുവന്നൂർ ബാങ്കിൽനിന്ന് ഇടപാടുണ്ടായിട്ടില്ല. കരുവന്നൂർ സാങ്കിലുള്ള പൊറത്തിശേരി ലോക്കൽ കമ്മിറ്റി ബിൽഡിങ് ഫണ്ട്, പൊറത്താട് ബ്രാഞ്ച്, പൊറത്തിശേരി നോർത്ത് ലോക്കൽ കമ്മിറ്റി ഏരിയാ സമ്മേളനം സോവനീർ കമ്മിറ്റി, പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റി എന്നിവയുടെ അഞ്ച് അക്കൗണ്ടുകൾ നിർജീവമാണ്. പല ആവശ്യങ്ങൾക്കായി തുടങ്ങിയ അഞ്ച് അക്കൗണ്ടുകളിലായി ആകെയുള്ളത് 3,411 രൂപ മാത്രം.